കൊച്ചി: അശ്ലീല പ്രചാരണം, സൈബര്‍ ആക്രമണം എന്നിവ ചൂണ്ടിക്കാട്ടി സിപിഎം നേതാവ് കെ ജെ ഷൈന്‍ നല്‍കിയ പരാതിയില്‍ എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കെഎം ഷാജഹാന്റെ യൂട്യൂബ് ചാനല്‍, പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണന്‍ ചെട്ടിശേരി എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. മെട്രോ വാര്‍ത്ത പത്രത്തിനെതിരെയും കേസ് എടുത്തു. പരാതിയില്‍ കെ ജെ ഷൈനിന്റെ വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തു.
അതിനിടെ, തനിക്ക് നേരെയുളള സൈബര്‍ ആക്രമണം പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ അറിവോടെയാണെന്ന് എറണാകുളത്ത് സി പി എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ ജെ ഷൈന്‍ ആരോപിച്ചു.ഒരു ബോംബ് വരുന്നുണ്ടെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പറഞ്ഞിരുന്നെന്നും കെ ജെ ഷൈന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സാമൂഹ്യ മാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും കെ ജെ ഷൈന്‍ പരാതി നല്‍കിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ നിന്നും ശ്രദ്ധ മാറ്റാനാണ് ശ്രമം.
കഴിഞ്ഞ ദിവസങ്ങളിലായി ചര്‍ച്ച ചെയ്യപ്പെടുന്ന ലൈംഗിക കുറ്റത്തെയും ആ ലൈംഗിക വൈകൃതത്തിന് അടിമപ്പെട്ട എംഎല്‍എയും രക്ഷിക്കാന്‍ പല തരത്തിലും ശ്രമിച്ചിട്ട് കഴിയുന്നില്ല. അപ്പോള്‍ അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഒരു നീക്കത്തിന്റെ ഭാഗമായിട്ടായിരിക്കാം ഇത്തരമൊരു അപവാദ പ്രചാരണം ഉണ്ടായത് എന്നാണ് കരുതുന്നതെന്ന് കെ ജെ ഷൈന്‍ പറഞ്ഞു.
















