Categories: IndiaBusiness

എസ്ബിഐ യെസ് ബാങ്കിലെ 13 ശതമാനം ഓഹരികള്‍ ജപ്പാന്‍ ബാങ്കിന് വിറ്റത് 8889 കോടി രൂപയ്‌ക്ക്; വരുമോ പുതിയ ബാങ്ക് യുഗം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) കൈവശം വെച്ചിരുന്ന യെസ് ബാങ്കിന്‍റെ 13.18 ശതമാനം ഓഹരികള്‍ ജപ്പാനിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കിന് വിറ്റു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) കൈവശം വെച്ചിരുന്ന യെസ് ബാങ്കിന്റെ 13.18 ശതമാനം ഓഹരികള്‍ ജപ്പാനിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കിന് വിറ്റു. സാമ്പത്തിക പ്രതിസന്ധി മൂലം യെസ് ബാങ്ക് പൊളിഞ്ഞപ്പോഴാണ് റിസര്‍വ്വ് ബാങ്ക് നിര്‍ദേശപ്രകാരം അതിനെ കരകയറ്റാന്‍ എസ് ബിഐ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ബാങ്കുകള്‍ യെസ് ബാങ്കിന്റെ ഓഹരികള്‍ വാങ്ങിക്കൂട്ടിയത്. എന്തായാലും ഈ ഇടപാടില്‍ വന്‍ ലാഭം കൊയ്യാന്‍ എസ് ബിഐയ്‌ക്ക് കഴിഞ്ഞു.

ജപ്പാനിലെ ബാങ്കായ സുമിടോമോ മിത് സൂയി ഇന്ത്യയിലെ യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരി ഏറ്റെടുക്കാന്‍ ലക്ഷ്യമിടുന്നു. ഈ ഡീല്‍ നടന്നാല്‍ ഇന്ത്യയിലേക്ക് കൂടുതല്‍ വിദേശനിക്ഷേപങ്ങള്‍ ഒഴുകിയെത്തുമെന്ന് അന്താരാഷ്‌ട്ര റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് പറയുന്നു.

സുമിടോമോ മിത്സൂയി ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ നിയന്ത്രണത്തിലുള്ള ബഹുരാഷ്‌ട്ര ബാങ്കാണ് സുമിടോമോ മിത് സൂയി ബാങ്ക്. ഇതിനെ എസ് എംബിസി ഗ്രൂപ്പ് എന്നും വിളിക്കും. ജപ്പാനിലെ ടോക്യോയിലെ ചിയോഡയിലാണ് എസ്എംബിസിയുടെ ആസ്ഥാനം. ജപ്പാനിലെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കിംഗ് ഗ്രൂപ്പായ എസ് എംബിസിയ്‌ക്ക് 2024 ഡിസംബറിലെ കണക്ക് പ്രകാരം 2 ലക്ഷം കോടി ഡോളര്‍ ആസ്തിയുണ്ട്.

ഇന്ത്യയുടെ ബാങ്കിംഗ് മുഖം മാറുമോ?
ഉദാഹരണത്തിന് ജപ്പാനിലെ സുമിടോമോ മിത് സൂയി ബാങ്ക് എത്തുമ്പോള്‍ ഇന്ത്യയില്‍ പണം നിക്ഷേപിക്കാന്‍ ഉറ്റുനോക്കുന്ന വമ്പന്‍ നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കും. വിശ്വാസ്യതയുള്ള ബാങ്കിംഗ് സ്ഥാപനങ്ങള്‍ എത്തുന്നതോടെ ഏഷ്യയിലേയും മിഡില്‍ ഈസ്റ്റിലേയും വമ്പന്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് ഇന്ത്യ കണക്കുകൂട്ടുന്നത്. ഇതോടെ ഇന്ത്യയുടെ മധ്യനിര ബാങ്കുകളില്‍ നിക്ഷപിക്കാന്‍ കൂടുതല്‍ വിദേശസ്ഥാപനങ്ങള്‍ എത്താന്‍ സാധ്യതയുണ്ട്. നല്ല പ്രകടനവും മാനേജ്മെന്‍റും ഉള്ള സുതാര്യമായ വിദേശകമ്പനികള്‍ ഇന്ത്യയുടെ ബാങ്കിംഗ് മേഖലയിലേക്ക് കടന്നുവരുന്നതില്‍ റിസര്‍വ്വ് ബാങ്കിന് സന്തോഷമാണുള്ളത്. കാരണം അത് ഇന്ത്യയുടെ ധനകാര്യമേഖലയെ കൂടുതല്‍ ശക്തവും ആകര്‍ഷകവും ആക്കിമാറ്റും.

Recent Posts