ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (ഇവിഎം) ഉപയോഗിക്കുന്ന ബാലറ്റ് പേപ്പറുകൾ കൂടുതൽ വ്യക്തതയോടും വായനാക്ഷമതയോടും കൂടിയതാക്കുന്നതിനായി മാർഗനിർദേശങ്ങൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പരിഷ്കരിച്ചു. 1961 ലെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളിലെ റൂൾ 49ബി പ്രകാരമാണ് പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
വോട്ടർമാർക്ക് സൗകര്യപ്രദമായ അനുഭവം ഉറപ്പാക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയകളെ കൂടുതൽ കാര്യക്ഷമമാക്കാനുമാണ് ഈ നീക്കം. കഴിഞ്ഞ ആറുമാസമായി ഇസിഐ നടപ്പിലാക്കി വരുന്ന 28 പ്രാരംഭ നടപടികളിൽ ഇതും ഉൾപ്പെടുന്നു.
ഇനി മുതൽ ഇവിഎം ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥികളുടെ കളർ ഫോട്ടോഗ്രാഫുകൾ ഉൾപ്പെടുത്തും. ഫോട്ടോയിൽ സ്ഥാനാർത്ഥിയുടെ മുഖം നാല് ഭാഗത്തിൽ മൂന്ന് ഭാഗം വരെ വ്യക്തമായി കാണപ്പെടും. സ്ഥാനാർത്ഥികളുടെ സീരിയൽ നമ്പറുകൾ അന്താരാഷ്‌ട്ര രൂപത്തിലുള്ള ഇന്ത്യൻ സംഖ്യ സമ്പ്രദായത്തിൽ ബോൾഡ് ഫോണ്ടിൽ വലുപ്പം 30-ൽ അച്ചടിക്കും.
ഏകീകൃതതയും വ്യക്തതയും ഉറപ്പാക്കാൻ സ്ഥാനാർത്ഥികളുടെയും/നോട്ടയുടെയും പേരുകൾ ഒരേ ഫോണ്ട് രൂപത്തിലും എളുപ്പത്തിൽ വായിക്കാവുന്നത്ര വലിപ്പത്തിലും അച്ചടിക്കും. ബാലറ്റ് പേപ്പറുകൾ 70 GSM പേപ്പറിൽ അച്ചടിക്കും. നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് നിർദ്ദിഷ്ട RGB മൂല്യങ്ങളുള്ള പിങ്ക് നിറത്തിലുള്ള പേപ്പർ ആയിരിക്കും ഉപയോഗിക്കുക.
പുതുക്കിയ ഇവിഎം ബാലറ്റ് പേപ്പറുകൾ ആദ്യമായി ബിഹാറിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുമെന്ന് ഇസിഐ അറിയിച്ചു.
















