തിരുവനന്തപുരം: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരു പാൻ ഇന്ത്യൻ സിനിമ ഒരുക്കുന്നു. ‘മാ വന്ദേ’ എന്നാണ് ചിത്രത്തിന്റെ പേര്. നരേന്ദ്ര മോദിയായി പ്രശസ്ത മലയാള നടൻ ഉണ്ണി മുകുന്ദൻ അഭിനയിക്കും.
സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്‌ഡി എം നിർമിക്കുന്ന ഈ ചിത്രം, നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ക്രാന്തി കുമാർ സി. എച് രചനയും സംവിധാനവും നിർവഹിക്കുന്നു.
രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ ഇടം നേടിയ മോദിയുടെ ജീവിതയാത്രയെ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഈ ചിത്രം അവതരിപ്പിക്കും. കുട്ടിക്കാലം മുതൽ രാഷ്‌ട്രനേതാവാകുന്നതിലേക്കുള്ള അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ ഉയർച്ചയാണ് ചിത്രത്തിന്റെ പ്രമേയം.
അദ്ദേഹത്തിന്റെ ജീവിതത്തിൽ സമാനതകളില്ലാത്ത പ്രചോദനമായിരുന്ന അമ്മ ശ്രീമതി ഹീരാബെൻ മോദിയുമായി അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധവും ചിത്രത്തിലൂടെ പ്രത്യേകമായി ആവിഷ്‌കരിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
അന്താരാഷ്‌ട്ര നിലവാരത്തിൽ അത്യാധുനിക വിഎഫ്എക്സ് സാങ്കേതിക വിദ്യയും രാജ്യത്തെ മികച്ച ടെക്‌നീഷ്യൻമാരുടെയും സഹകരണവുമുപയോഗിച്ചാണ് ചിത്രം ഒരുക്കുന്നത്. പാൻ ഇന്ത്യ റിലീസിനൊപ്പം ഇംഗ്ലീഷിലും ചിത്രം പുറത്തിറക്കും. പ്രചോദനാത്മകമായ ഈ ജീവചരിത്രത്തിലൂടെ പ്രേക്ഷകർക്ക് മറക്കാനാവാത്ത ഒരു സിനിമാനുഭവം നൽകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും സിൽവർ കാസ്റ്റ് ക്രിയേഷൻസ് അറിയിച്ചു.
സാങ്കേതിക സംഘാംഗങ്ങൾ
ഛായാഗ്രഹണം – കെ. കെ. സെന്തിൽ കുമാർ (ഐ.എസ്.സി)
സംഗീതം – രവി ബസ്രൂർ
എഡിറ്റിംഗ് – ശ്രീകർ പ്രസാദ്
പ്രൊഡക്ഷൻ ഡിസൈൻ – സാബു സിറിൽ
ആക്ഷൻ – കിംഗ് സോളമൻ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – ഗംഗാധർ എൻ.എസ്., വാണിശ്രീ ബി
ലൈൻ പ്രൊഡ്യൂസേഴ്സ് – ടിവിഎൻ രാജേഷ്
കോ-ഡയറക്ടർ – നരസിംഹ റാവു എം
മാർക്കറ്റിംഗ് – വാൾസ് ആൻഡ് ട്രെൻഡ്സ്
പിആർഒ – ശബരി
















