ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഫോണില്‍ ബന്ധപ്പെട്ടാണ് ട്രംപ് ആശംസകള്‍ അറിയിച്ചത്.
ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നരേന്ദ്രമോദിയുടെ പ്രതിബദ്ധത, യുക്രെയ്ന്‍ സംഘര്‍ഷം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള പിന്തുണ എന്നിവ ഫോണ്‍ സംഭാഷണത്തില്‍ ട്രംപ് ചൂണ്ടിക്കാട്ടി.
ഇന്ത്യ-യുഎസ് ബന്ധം ,പങ്കാളിത്തം എന്നിവ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് നരേന്ദ്രമോദി മറുപടി നല്‍കി. പിറന്നാള്‍ ആശംസകള്‍ക്ക് പ്രധാനന്ത്രി നന്ദി അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും ശക്തമാകാന്‍ പോകുന്നുവെന്നും ഇന്ത്യ-യുഎസ് ബന്ധം ലോകത്ത് വലിയ ശക്തിയാകുമെന്നും പ്രധാനന്ത്രി പറഞ്ഞു. ഇന്ത്യയ്‌ക്ക് 50 ശതമാനം നികുതി ഏര്‍പ്പെടുത്തിയതിന് ശേഷം ഇതാദ്യമായാണ് ട്രംപ്-മോദി സംഭാഷണം നടക്കുന്നത്.
ബുധനാഴ്ചയാണ് പ്രധാനമന്ത്രിയുടെ 75-ാം പിറന്നാള്‍. അതിനിടെ, ഇന്ത്യ-അമേരിക്ക വ്യാപാര ചര്‍ച്ചകള്‍ ന്യൂദല്‍ഹിയില്‍ പുരോഗമിക്കുകയാണ്.
















