കാസര്‍ഗോഡ്: കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ പേരുമാറ്റി അവതരിപ്പിക്കുന്ന രീതിയാണ് കേരളത്തിലെന്നത് നേരത്തേ തന്നെ ഉളള ആക്ഷേപമാണ്.ഇപ്പോള്‍ അത് തുറന്ന് പറഞ്ഞിരിക്കുകയാണ് കാസര്‍ഗോഡ് എം പിയും കോണ്‍ഗ്രസ് നേതാവുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍.
കേന്ദ്രസര്‍ക്കാറിന്റെ ”സ്വസ്ഥ നാരി സശക്ത് പരിവാര്‍ അഭിയാന്‍” സംസ്ഥാന സര്‍ക്കാര്‍ പേരുമാറ്റി നടപ്പിലാക്കിയെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍ഗോഡ് ചെറുവത്തൂരില്‍ സ്ത്രീ ക്ലിനിക്കുകളുടെ ജില്ലാതല ഉദ്ഘാടനം എന്ന പേരിലാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം മാറ്റി മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെയും ചിത്രം അച്ചടിച്ച നോട്ടീസ് വിതരണം ചെയ്‌തെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിമര്‍ശിച്ചു. രാജ്യത്തെമ്പാടും സെപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ സംസ്ഥാന സര്‍ക്കാരിലൂടെ നടപ്പിലാക്കുന്നതാണ് പദ്ധതി. എന്നാല്‍ കേരള സര്‍ക്കാര്‍ പദ്ധതിയുടെ ദൈര്‍ഘ്യം കൂട്ടി മറ്റൊരു പേര് നല്‍കിയെന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ആരോപിക്കുന്നത്.
‘സ്ത്രീകളുടെ പൂര്‍ണ ആരോഗ്യ സംരക്ഷണം, സ്ത്രീ സംരക്ഷണത്തിലൂടെ സമൂഹ സംരക്ഷണം’ എന്നതാണ് പദ്ധതിയുടെ ആപ്തവാക്യം. ഇതുമായി ബന്ധപ്പെട്ട് എല്ലാ എംപിമാര്‍ക്കും ലിസ്റ്റ് നല്‍കിയിരുന്നു.
എന്നാല്‍ ഇവിടെ രാജ്മോഹന്‍ ഉണ്ണിത്താനെ ഉദ്ഘാടനത്തിന് ക്ഷണിച്ച് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. 2025 സെപതംബര്‍ 16 മുതല്‍ 2026 മാര്‍ച്ച് എട്ട് വരെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതായാണ് അറിയിച്ചിട്ടുളളത്. രാജ്യമെമ്പാടും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തിയാണ് പ്രധാനമന്ത്രി പദ്ധതി ആസൂത്രണം ചെയ്തത്. എന്നാല്‍ സംസ്ഥാനത്ത് എത്തുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാക്കി മാറ്റുകയാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
















