കേരളത്തില്‍ നഗരഗ്രാമ വ്യത്യാസമില്ലാതെ കണ്ണന്മാര്‍ ആനന്ദത്താല്‍ നിറഞ്ഞാടുന്ന ദിനം. ഭക്തികൊണ്ടും സന്തോഷംകൊണ്ടും ഹരേകൃഷ്ണ ഹരേകൃഷ്ണ ജപിക്കുന്ന മുതിര്‍ന്നവര്‍. അലങ്കാരം കൊണ്ട് സമ്പന്നമായ ഗ്രാമനഗര വീഥികള്‍. ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളിലൊക്കെ ഭക്തജനത്തിരക്ക്. കേരളം അക്ഷരാര്‍ത്ഥത്തില്‍ അമ്പാടിയാകുന്നു. വാത്സല്യനിധിയായ ഉണ്ണിക്കണ്ണന്‍ നമ്മുടെ വിഷാദങ്ങളെ അലിയിച്ചുകളയുന്നു. കൃഷ്ണന്റെ ജീവിതം പ്രതിസന്ധികളെയും പ്രലോഭനങ്ങളെയും വെല്ലുവിളികളേയും നേരിടാനുളള പ്രചോദനമാണ്.
ആധുനികകാലത്തും ശ്രീകൃഷ്ണസന്ദേശത്തിന് വളരെ പ്രസക്തിയുണ്ട്. ഭഗവത്ഗീതയ്‌ക്ക് വിദേശങ്ങളില്‍ പോലും വലിയ സ്വീകാര്യത ലഭിക്കുന്നു. വിദേശീയര്‍ തങ്ങളുടെ കുട്ടികളെ ഗീത പഠിപ്പിക്കുന്നു. അവിടെ കലാലയങ്ങളില്‍ ഗീത പാഠ്യവിഷയമായി നിശ്ചയിച്ചിരിക്കുന്നത് നമ്മള്‍ ഭാരതീയരെ സംബന്ധിച്ച് അഭിമാനകരമായ കാര്യമാണ്. പൊതു പ്രവര്‍ത്തന രംഗത്തുളളവര്‍ക്കും ശ്രേഷ്ഠജീവിതം ആഗ്രഹിക്കുന്നവര്‍ക്കും ഗീത വഴികാട്ടിയാണ്. ജീവിതത്തിന്റെ പടച്ചട്ടയായി ഭഗവത് ഗീതയെ കണക്കാക്കുന്നതാണ് ഉത്തമം. മഹാത്മജിയുടെ കരങ്ങളില്‍ സദാ ഗീതയുണ്ടായിരുന്നു.
കുട്ടികളുടെ ദിനമായി ശ്രീകൃഷ്ണ ജയന്തിയെ കാണുന്നതും ശ്രീകൃഷ്ണ ജയന്തി ജനകീയ ഉത്സവമായി മാറാന്‍ കാരണവും ബാലഗോകുലമാണ്. ബാലഗോകുലമിന്ന് സുവര്‍ണ്ണശോഭയിലെത്തി നില്ക്കുന്നു. കുട്ടികളില്‍ സാംസ്‌കാരിക വിദ്യാഭ്യാസം നല്കി ഉത്തമ വ്യക്തിത്വങ്ങളായി അവരെ വളര്‍ത്തുകയാണ് ബാലഗോകുലം അതിന്റെ പ്രതിവാര ക്ലാസുകളില്‍ കൂടി.ശ്രീകൃഷ്ണനാണ് ബാലഗോകുലത്തിന്റെ ആദര്‍ശ വ്യക്തിത്വം. ഒരു കാലത്ത് ക്ഷേത്രങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന ജന്മാഷ്ടമി ആഘോഷം ഇന്നു നാടിന്റെ ആനന്ദോത്സവമായി മാറിക്കഴിഞ്ഞു. പൊതു സമൂഹം ശ്രീകൃഷ്ണജയന്തിയെ ഏറ്റെടുത്തതായി കാണാം.
നാടിന്റെയും നാട്ടുകാരുടെയും ഉത്സവമായി മാറിയെന്നതാണ് സത്യം. ലഹരിയും മയക്കുമരുന്നും മൊബൈലിന്റെ അമിത ഉപയോഗവും ഇന്നത്തെ തലമുറയെ വഴിതെറ്റിക്കുന്നു. ചതിക്കുഴികളില്‍ വീഴുക മാത്രമല്ല, കൂടെ പഠിക്കുന്നവരെ കൂട്ടം കൂടി മര്‍ദ്ദിച്ചുകൊല്ലുന്നതും നാം കണ്ടതാണ്. മൂല്യബോധമില്ലാതെ അരക്ഷിതാവസ്ഥയില്‍ നമ്മുടെ കുട്ടികള്‍ അലയുന്നു. ചതിക്കുഴിയില്‍ വീഴുന്നു.
ഓരോ വര്‍ഷവും പൊതുസമൂഹത്തിന് ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലം ഓരോ സന്ദേശം കൊടുക്കാറുണ്ട്. ‘ഗ്രാമം തണലൊരുകട്ടെ ബാല്യം സഫലമാകട്ടെ’ എന്നതാണ് ഈ വര്‍ഷത്തെ ജന്മാഷ്ടമി സന്ദേശം. നമ്മുടെ കുട്ടികള്‍ക്ക് നാം തണലാകണം, കരുതലാകണം. ഭക്ഷണത്തിലും ഭാഷയിലും വേഷത്തിലും നാം ആകെ മാറിക്കഴിഞ്ഞു. തനതായ ഭക്ഷണവിഭവങ്ങളുടെ പേരുകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. അറേബ്യ
ന്‍ പേരുകളിലുള്ള വിഭവങ്ങള്‍ ഇന്നത്തെ തലമുറകളുടെ രുചിക്കൂട്ടുകളായി. മലയാളമറിയാത്ത മലയാളികളായി സമൂഹം മാറുന്നു. ഭാഷയോടുള്ള അവഗണന വളരെ വലുതാണ്. വേഷത്തിന്റെ കാര്യത്തിലായാലും പുതുതലമുറയുടെ താല്പര്യം വിപരീതമാണ്. പണംകൊടുത്ത് കീറിയ വസ്ത്രം വാങ്ങി ധരിക്കുന്നത് എന്തു പുരോഗമനമാണ്. ഒന്നില്‍ നിന്നും മറ്റൊന്ന് മികച്ചതാകുമ്പോള്‍ മാറ്റം നല്ലതാണ്. ഇവിടെയാണ് സന്ദേശത്തിന്റെ പ്രസക്തി.
നമ്മുടെ കുട്ടികളെ കാര്യബോധവും കാര്യശേഷിയും സന്മാര്‍ഗ്ഗചിന്തയും രാഷ്‌ട്രസ്‌നേഹവും ഉള്ളവരായി വളര്‍ത്തിക്കൊണ്ടുവരാന്‍ നമ്മള്‍ തണലൊരുക്കണം. മുതിര്‍ന്നവര്‍ വരും തലമുറയുടെ കാവലാളായി മാറണം. ആര്‍ദ്രതയുള്ള ഗ്രാമങ്ങള്‍, സ്‌നേഹവും പങ്കുവെക്കലുമുള്ള ഗ്രാമങ്ങള്‍ ഉണ്ടാകട്ടെ. കൂരിരുട്ടില്‍ പ്രകാശം കൊണ്ടുവരാന്‍ നമുക്ക് സാധിക്കണം. മാറ്റം ഉണ്ടാകേണ്ടത് വീടുകളിലാണ്. ഒരുമിച്ചിരിക്കാനും കാര്യങ്ങള്‍ കേള്‍ക്കാനും തുറന്ന് പറയുവാനും വീടുകളില്‍ സമയവും സൗകര്യവും ഒരുക്കണം.
ബാല്യം സഫലമാകാന്‍ ഗ്രാമം തണലൊരുക്കണം. എല്ലാ ബാല്യവും ശ്രേഷ്ഠമാണ്. പുണ്യമാണ്. ബാല്യം സംരക്ഷിക്കപ്പെട്ടാല്‍ സമൂഹം സംരക്ഷിക്കപ്പെടും. എന്റേതെന്ന ചിന്തമാറി നമ്മുടേതെന്ന ഭാവം വളര്‍ത്തിയാല്‍ ഓരോ ഗ്രാമവും അമ്പാടിയാകും.
പാരസ്പര്യവും സ്‌നേഹവും മാത്രമുള്ള അമ്പാടി. സന്തോഷവും സമാധാനവും വിളയാടുന്ന അമ്പാടി. കുഴിയില്‍ വീഴ്‌ത്താന്‍ വരുന്ന പൂതനമാരെയും തൃണാവര്‍ത്തന്മാരെയും ഒരുമിച്ചുനിന്ന് പ്രതിരോധിക്കാന്‍ കഴിയുന്ന അമ്പാടി. ഗായത്രിയും ഗീതയും യോഗയും നിത്യം ശീലിക്കുന്ന ഭവനങ്ങളുണ്ടാകണം. ശ്രേഷ്ഠമായതും കൈമോശം വന്നതുമായ ചിലതെങ്കിലും നമുക്ക് വീണ്ടെടുക്കാം. സദാ പുഞ്ചിരിതൂകിയിരുന്ന അമ്പാടിക്കണ്ണന്റെ ജന്മദിനം നമ്മളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കട്ടെയെന്ന് പ്രത്യാശിക്കാം.
‘ഗ്രാമം തണലൊരുകട്ടെ. ബാല്യം സഫലമാകട്ടെ’.
(ബാലഗോകുലം ദക്ഷിണ കേരളം സംസ്ഥാന ഉപാധ്യക്ഷനാണ് ലേഖകന്‍)
















