കൊച്ചി: ഡയറക്ടര്‍മാരുടെ നിരുപാധിക ക്ഷമാപണം സ്വീകരിച്ച് മലയാള വെബ്-ന്യൂസ് ചാനലായ കര്‍മ്മ ന്യൂസിനെതിരായ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. ജഡ്ജിമാര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിച്ചതിനാണ് കര്‍മ്മ ന്യൂസിനെതിരെ കോടതി അലക്ഷ്യക്കേസ് എടുത്തത്. ജസ്റ്റിസ് രാജ വിജയരാഘവന്‍ വി. , ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഡയറക്ടര്‍മാരുടെ നിരുപാധിക ക്ഷമാപണം സ്വീകരിച്ചത്. കര്‍മ്മ ന്യൂസ് നടത്തുന്ന ഗാലക്‌സി സൂം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ എം.ഡിയും ഡയറക്ടറുമായ ജോസിനും മറ്റൊരു പ്രതിക്കും എതിരെ കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുകയായിരുന്നു.
















