ഉദാന: കണ്ഠദേശശ്ച വ്യാനഃ സര്‍വ്വശരീരഗ:
വാക്ദ്വാരൈ നാഗ ആഖ്യാത: കൂര്‍മ്മഉന്മീലനെ സ്മൃത
നജഹാതിമൃതം വാപി സര്‍വ്വവ്യാപീധനഞ്ജയ:
ശരീരത്തിലുള്ള പ്രാണന്‍ ഹൃദയം മുതല്‍ ശിരസ്സുവരെ പ്രവര്‍ത്തിക്കുമ്പോള്‍ പ്രാണന്‍ എന്ന പേരില്‍ തന്നെ അറിയപ്പെടുന്നു. പ്രാണന്റെ പ്രവര്‍ത്തനം നാഭി പ്രദേശത്തിന് താഴെ ആകുമ്പോള്‍ ‘അപാനന്‍’ എന്നും നാഭിയില്‍ ആകുമ്പോള്‍ ‘സമാനന്‍’ എന്നും സര്‍വ്വാംഗങ്ങളിലും ‘വ്യാനന്‍’ എന്നും കഴുത്തിലെ കണ്ഠത്തിലാകുമ്പോള്‍ ‘ഉദാനന്‍’ എന്നും അറിയപ്പെടുന്നു. ഇവ കൂടാതെ ഉപ പ്രാണന്മാര്‍ പലതുമുണ്ട്. നാവില്‍ നാഗനെന്ന പേരിലും ഉന്മീലനത്തില്‍ (കണ്ണില്‍) കൂര്‍മ്മന്‍ എന്ന പേരിലും വിശപ്പായി കൃകലനും, കോട്ടുവായായി ദേവദത്തനും മരിച്ചാല്‍പോലും ശരീരം വിട്ടുപോകാതെ സര്‍വ്വാംഗങ്ങളേയും ബന്ധിപ്പിച്ചുകൊണ്ട് ‘ധനഞ്ജയന്‍’ എന്ന പേരിലും ഇവ അറിയപ്പെടുന്നു.
ഏതു പ്രകാരമാണ് സ്വര്‍ണം കൊണ്ടുണ്ടാക്കുന്ന വള, കമ്മല്‍, മാല, പാദസരം, മോതിരം മുതലായവ അവയുടെ ഉപയോഗങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത പേരുകളില്‍ അറിയപ്പെടുന്നത്, അത് പ്രകാരമാണ് പ്രാണന്‍ ഇപ്രകാരം ഓരോരോ ശരീരധര്‍മ്മങ്ങള്‍ക്കനുസരിച്ച് വിവിധ നാമങ്ങളില്‍ അറിയപ്പെടുന്നത്. ഒരു വ്യക്തി മരിച്ചു കഴിഞ്ഞാല്‍ ശരീരത്തില്‍ നിന്ന് മറ്റ് പ്രാണന്മാര്‍ വിട്ടുപോയാലും ‘ധനഞ്ജയന്‍’ എന്ന ഉപപ്രാണന്‍ ഉടനടി വിട്ടുപോകുന്നില്ല. ശരീരത്തില്‍ അതു വരെ ഉണ്ടായിരുന്ന ‘സത്ത’ പോയി എന്ന് ഉദ്ദേശിച്ച് ചത്തുപോയെന്നും മരുത്തു പോയി എന്നുദ്ദേശിച്ച് മരിച്ചുപോയി എന്നും പറഞ്ഞുവരുന്നു. ഈ ധനഞ്ജയ ഉപ പ്രാണന്‍ മരണശേഷവും ഉടനെ ശരീരം വീട്ടുപോകാത്തതുകൊണ്ടാണ് മൃതശരീരം വീര്‍ക്കുന്നത്. ശരീരം അഴുത്തോ ദഹിച്ചോ പോകുന്നതുവരെ ധനഞ്ജയാംശം അതില്‍ നിലനില്‍ക്കുന്നു. അതിനെ വേഗം വേര്‍തിരിക്കാനാണ് ശവം ദഹിപ്പിക്കുന്നത്. ശരീരം ദഹിപ്പിയ്‌ക്കുമ്പോള്‍ ഹൃദയഭാഗത്ത് വന്ന് സംഘടിക്കുന്ന ‘ധനഞ്ജയന്‍ ഹൃദയഭാഗം പൊട്ടുന്നതോടെ പൂര്‍ണമായും വിട്ടുപോകുന്നു. ഈ സമയത്താണ് നാം ഉദകുംഭഭേദനം അഥവാ നീര്‍ക്കുട എന്ന കര്‍മ്മം നിര്‍വഹിക്കേണ്ടത്. എങ്ങനെയെന്നാല്‍ ഒരു മണ്‍കുടത്തില്‍ വെള്ളം നിറച്ച് മുത്ത പുത്രന്‍/ പുത്രി ശ്മശാനത്തിന് വലംവച്ച് നീര്‍ക്കുടം പൊട്ടിച്ച് അതിലുള്ള വെള്ളം ശ്മശാനത്തിലേയ്‌ക്ക് പകരുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ ശ്മശാനത്തില്‍ തങ്ങി നില്‍ക്കുന്ന ധനഞ്ജയന്റെ ചൂട് കുറയുന്നു. ശരീരാവയവങ്ങളില്‍ സര്‍വ്വവ്യാപിയായ ഈ ധനഞ്ജയന്‍ പ്രാപഞ്ചിക ജീവിതത്തിലെ സുഖദുഃഖങ്ങള്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ നമ്മെ പ്രേരിപ്പിയ്‌ക്കുന്നു. ആത്മാവിനെ ഒട്ടിനിന്നുകൊണ്ട് അഹം ബുദ്ധിയായി പ്രവര്‍ത്തിക്കുന്നു. അങ്ങനെ നമ്മുടെ എല്ലാ പ്രവൃത്തികളിലും ഞാനെന്നും എന്റെ തെന്നുമുള്ള തോന്നലുണ്ടാക്കുന്നു. ഈ തമോഗുണ പ്രാണന്‍ എല്ലാ ജീവജാലങ്ങളിലും നിലനില്‍ക്കുന്നുണ്ട്. മരണം കഴിഞ്ഞ് ശവശരീരം ദഹിച്ച് കഴിഞ്ഞാല്‍ ശരീരം വിട്ടുപോയ താപത്താല്‍ എന്റെ ഭര്‍ത്താവ്/ഭാര്യ സന്താനങ്ങള്‍, സ്വത്ത്, ബന്ധുക്കള്‍ എന്നീ ചിന്തയോടെ ആ പ്രദേശത്ത് തങ്ങി നില്‍ക്കുന്നു. സന്താനങ്ങളെയും അടുത്ത ബന്ധുക്കളെയും മറ്റും കൂടുതല്‍ വാത്സല്യത്തോടെ സമീപിയ്‌ക്കുന്നു. വംശം നിലനിര്‍ത്തുന്നതിനുവേണ്ടി സ്ത്രീപുരുഷന്മാര്‍ പുത്രോല്‍പാദനേച്ഛയോടെ പരസ്പരം ബന്ധപ്പെടുമ്പോള്‍ അവരുടെ ശുക്ലശോണിതങ്ങളില്‍ കൂടി അവരിലുള്ള ധനഞ്ജയാംശം കടന്നുപോകുകയും അവ സന്താനങ്ങളില്‍ ലയിക്കുകയും ചെയ്യുന്നു. ഈ ധനഞ്ജയവായു മാതാപിതാക്കളെയും സന്താനങ്ങളെയും പരസ്പരം ആശാബന്ധത്താല്‍ ആകര്‍ഷിക്കുന്നു. ദഹനശേഷം സ്ഥലത്ത് തങ്ങിനില്‍ക്കുന്ന ധനഞ്ജയ വായുവിനെ ശ്വസിക്കുന്നതുകൊണ്ട് പിതൃ പുത്ര/ പുത്രീ ബന്ധത്താല്‍ പുല അഥവാ അശുദ്ധി (അശൗചം) ഏറ്റവും അടുത്ത ബന്ധുക്കളെല്ലാവരേയും ബാധിയ്‌ക്കുന്നു. കാന്തം മറ്റ് വസ്തുക്കളെ തന്നിലേയ്‌ക്ക് ആകര്‍ഷിക്കുന്നതുപോലെ മാതാപിതാക്കളിലെ ധനഞ്ജയാംശവും അടുത്ത ബന്ധുക്കളിലെ ധനഞ്ജയാംശവും ഒന്നായതുകൊണ്ട് ഒന്ന് മറ്റേതില്‍ പ്രതിഫലിക്കുന്നു. ചിലപ്പോള്‍ അടുത്ത ബന്ധുക്കളുടെ ശരീരത്തിലെ ധനഞ്ജയനോട് ചേര്‍ന്ന് മരിച്ച ആളുടെ ധനഞ്ജയാംശം ആവേശാദികള്‍ ഉണ്ടാക്കുകയും മരിച്ച വ്യക്തിയുടെ പോലെ അഭിനയിക്കുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. ഇതിനെ സാധാരണ പ്രേതാവേശമെന്ന് പറഞ്ഞുവരുന്നു.
ദഹനശേഷം ഈ ധനഞ്ജയനെ പ്രസ്തുത പ്രദേശത്ത് നിന്നും മറ്റ് പ്രാണന്മാരോടൊപ്പം ചേര്‍ക്കുന്നതിന് വേണ്ട ക്രിയാദികള്‍ ഉത്തരവാദപ്പെട്ടവര്‍ ചെയ്യാത്തപക്ഷം അതിന് പൈശാചികത്വം ബാധിച്ച് പലവിധ ഉപദ്രവങ്ങള്‍ ഉണ്ടാക്കുന്നു. ഇവിടെയാണ് പിതൃപുത്രബന്ധത്തിന്റെ പ്രാധാന്യം നാം മനസ്സിലാക്കേണ്ടത്. ഈ ക്രിയകള്‍ ചെയ്യാന്‍ ഏറ്റവും അര്‍ഹതപ്പെട്ടയാല്‍ മുത്ത സന്താനമാണ്. അത് പുത്രനാണെങ്കില്‍ ഔരസപുത്രനെന്നും പുത്രിയാണെങ്കില്‍ ഔരസപുത്രിയെന്നും അറിയപ്പെടുന്നു. ഉരസി ജാത: ഔരസഃ എന്ന പ്രമാണമനുസരിച്ച് ഏറ്റവും സന്തോഷത്തോടും സ്‌നേഹത്തോടും കൂടി ബന്ധപ്പെട്ടുണ്ടാകുന്ന മൂത്ത സന്താനത്തില്‍ മാതാപിതാക്കളുടെ ധനഞ്ജയാശംവും ആത്മകലയും കൂടിയിരിയ്‌ക്കും. പുംനാമ നരകാല്‍ ത്രായതെ ഇതി പുത്ര/ പുത്രി, എന്ന പ്രമാണമനുസരിച്ച് പും എന്ന നരകത്തില്‍ നിന്ന് മാതാപിതാക്കളെ ക്രിയാദികള്‍ ചെയ്ത് രക്ഷിക്കുന്നവരാണ് പുത്രന്‍/പുത്രി. അതുകൊണ്ട് ഇങ്ങനെയുള്ള ക്രിയാദികള്‍ ചെയ്താല്‍ മാത്രമെ സന്താനങ്ങള്‍ക്ക് പുത്രത്വം/ പുത്രിത്വം ലഭിക്കുകയുള്ളൂ. ശവദാഹം കഴിഞ്ഞാല്‍ പ്രേതകര്‍മ്മം അന്നേ ദിവസം മുതല്‍ ദശഗാത്ര വിധി അനുസരിച്ച് തുടങ്ങുന്നു. ഇത് ശരീരകാംക്ഷിയായി വായുവില്‍ തങ്ങി നില്‍ക്കുന്ന ധനഞ്ജയന് ശരീരം സങ്കല്പിച്ച് ചെയ്യുന്ന 10 ദിവസത്തെ ക്രിയാദികളാണ്. ഇങ്ങനെ 10 ദിവസംകൊണ്ട് ശരീരാവയവങ്ങള്‍ പുരണം വരുന്ന ക്രിയ നടത്തി 11-10 ദിവസം പുല തീരുന്നതിന് തളിച്ച് കുളിച്ച് പഞ്ചഗവ്യവും പുണ്യാഹവും സേവിച്ച് ശുദ്ധിവരുത്തി 12-ാം ദിവസം സപിണ്ഡിക്രിയ നടത്തി അവസാനിപ്പിക്കുന്നു. സപിണ്ഡിക്രിയ എന്നു വച്ചാല്‍ മറ്റ് പിത്രക്കളോട് (പരലോകത്തേയ്‌ക്ക് പോയവര്‍ക്കു) സമാനമാക്കുന്ന ക്രിയ എന്നാണര്‍ത്ഥം. ഇവിടെ രാത്രിസമയത്ത് മരിക്കുന്ന വ്യക്തികളുടെ 1-10 ദിവസം കണക്കാക്കേണ്ട വിധം പറയുന്നു. ജ്യോതിഷമനുസരിച്ച് ഉദയം മുതല്‍ അടുത്ത ദിവസത്തെ ഉദയം വരെയുള്ള 24 മണിക്കൂര്‍ സമയത്തെ ഒരു ദിവസമെന്നു പറയുന്നു. അസ്തമയത്തിനുശേഷം ഒരാള്‍ മരണപ്പെടുകയാണെങ്കില്‍ അസ്തമയം മുതല്‍ പിറ്റെദിവസത്തെ ഉദയം വരെയുള്ള സമയത്തെ (രാത്രിമാനത്തെ) മൂന്നായിട്ട് ഭാഗിച്ച്, ആദ്യത്തെ 2 ഭാഗത്തിനുള്ളിലാണ് മരണപ്പെടുന്നതെങ്കില്‍ തലേദിവസം 1-ാം ദിവസമായി കണക്കാക്കണം. ഉദാഹരണമായി അസ്തമയം 6 മണിയും പിറ്റെ ദിവസത്തെ ഉദയം 6 മണിയുമാണെന്നു വിചാരിയ്‌ക്കുക. അസ്തമയം മുതല്‍ ഉദയംവരെയുള്ള 12 മണിക്കൂറിനെ മൂന്നായിട്ട് ഭാഗിക്കുമ്പോള്‍ കിട്ടുന്ന ആദ്യത്തെ 4 മണിക്കൂര്‍ സമയം അസ്തമയ സമയത്തിന്റെ കൂടെ കൂട്ടുമ്പോള്‍ രാത്രി 10 മണിയെന്നും വീണ്ടും 4 മണിക്കൂര്‍ രാത്രി 10 മണിയോട്കൂടി കൂട്ടുമ്പോള്‍ രാത്രി 2 മണി എന്നും ലഭിയ്‌ക്കുന്നു. അപ്പോള്‍ രാത്രി 2 മണിവരെയുള്ള സമയത്ത് ആര് മരണമടഞ്ഞാലും തലേദിവസം 1-ാം ദിവസമായി കണക്കാക്കാം.
മരണദിവസംതൊട്ട് ഒരു സംവത്സരം കഴിയുമ്പോള്‍ പ്രേതശുദ്ധി എന്ന ക്രിയയാണ് ചെയ്യേണ്ടത്. വസുപഞ്ചകദോഷം കൊണ്ടോ മറ്റോ ഏതെങ്കിലും വിധത്തില്‍ പൈശാചികത്വം ബാധിച്ച ധനഞ്ജയവായു (വസുപഞ്ചകദോഷം-അവിട്ടം നക്ഷത്രത്തിന്റെ ഉത്തരാര്‍ദ്ധം, ചതയം, പുരുരുട്ടാതി, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രങ്ങളില്‍ മരണം സംഭവിയ്‌ക്കുന്നത്) അടുത്തബന്ധുക്കളില്‍ കടന്നു കൂടി യിട്ടുണ്ടെങ്കില്‍ അതിനെ വെള്ളി പ്രതിമയില്‍ ആവാഹിച്ച് പൈശാചികത്വം വേര്‍തിരിച്ച് ശുദ്ധിവരുത്തി തിലഹവനാദിക്രിയകള്‍ ചെയ്ത് സായൂജ്യപ്രാപ്തി വരുത്തുന്നു.
ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ സപിണ്ഡിക്രിയ കഴിഞ്ഞ് ഒരു മൃത്യുഞ്ജയ ഹോമം
നടത്തുന്നത് ഉത്തമമായിരിക്കും. അങ്ങനെ പിതൃകര്‍മ്മംകൊണ്ട് ആ ആത്മാവിന് സായുജ്യം ലഭിക്കുന്ന മരിച്ചാലുടന്‍ ആ പിതൃ പുനര്‍ജന്മത്തിന് അര്‍ഹനായിത്തീരുകയും അതോടെ നമ്മോടുള്ള ബന്ധത്തെ ക്രിയചെയ്ത് സായൂജ്യം വരുത്തിയാല്‍ ആ കര്‍മ്മം സഫലമായി. ഇതുപോലെതന്നെയാണ് വാലായ്‌മ എന്ന പേരില്‍ അറിയപ്പെടുന്ന അശുദ്ധിയും ബാലനും/ ബാലികയും അമ്മയും ചേര്‍ന്ന് എന്ന് വരുന്ന ബാലായ്‌മ ആണ്. പിന്നീട് വാലായ്‌മ ആയി തീര്‍ന്നത് പ്രസവശേഷം ഉണ്ടാകുന്ന അശുദ്ധിയാണിത്. ഇതും 10 ദിവസത്തേയ്‌ക്ക് മാത്രമാണുള്ളത്.
















