തിരുവനന്തപുരം: അഞ്ചേകാല്‍ ലക്ഷം രൂപ മാസ ശമ്പളം ലഭിക്കാന്‍ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് ഗള്‍ഫിലെ കമ്പനിക്ക് വേണ്ടി ചെയ്യുന്ന ജോലി എന്തെന്ന് വ്യക്തമാക്കണമെന്ന് കെ.ടി. ജലീല്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
താന്‍ ഉയര്‍ത്തിയ ഒരു ആരോപണവും ഫിറോസ് തള്ളി പറഞ്ഞില്ല. കേരള രാഷ്‌ട്രീയത്തിലെ മായാവിയാണ് ഫിറോസ്. ഫിറോസിന്റെ സാമ്പത്തിക സ്രോതസ് വ്യക്തമാക്കണം. മുഴുവന്‍ സമയം മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറിയായി ഇവിടെ പ്രവര്‍ത്തിക്കുമ്പോള്‍ ദുബായിലെ ഒരു കമ്പനിയില്‍ സെയില്‍സ് മാനേജര്‍ ആയി പ്രവര്‍ത്തിക്കുകയാണ് പി.കെ. ഫിറോസ്. ഇന്ത്യന്‍ രൂപയില്‍ പ്രതിമാസം അഞ്ചേകാല്‍ ലക്ഷം രൂപയാണ് ശമ്പളമായി കൈപ്പറ്റുന്നത്. എന്ത് കയറ്റുമതിയാണ് ചെയ്യുന്നതെന്ന് പറയാന്‍ ഫിറോസ് ബാധ്യസ്ഥനാണ്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് യുഎഇ വിസ ഫിറോസ് കുറച്ചു കാലത്തേക്ക് വേണ്ടെന്ന് വെച്ചു. അതേ വിസ വീണ്ടും പുതുക്കി. ദുബായില്‍ എവിടെയാണ് കമ്പനിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. എവിടെ ആണെന്ന് കണ്ടെത്താനും ആര്‍ക്കും കഴിഞ്ഞിട്ടില്ല. കമ്പനിയുടെ ലൊക്കേഷന്‍ പുറത്തു വിടണം.
മുഴുവന്‍ സമയ രാഷ്‌ട്രീയ പ്രവര്‍ത്തകനായ ഫിറോസിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ മറുപടി നല്‍കണമെന്നും കെ.ടി. ജലീല്‍ ആവശ്യപ്പെട്ടു.
പത്ത് വര്‍ഷത്തെ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പദവിയിലിരുന്ന് സംഘടന പിരിച്ച ലക്ഷക്കണക്കിന് രൂപമുക്കി. ദോത്തി ചലഞ്ചടക്കം തട്ടിപ്പായിരുന്നു. ദോത്തി ചലഞ്ചില്‍ സാധനം വാങ്ങിയ കമ്പനിയുടെ ബില്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. മുസ്‌ലിം ലീഗില്‍ കള്ളപ്പണം ഹലാലാണ്. ലീഗിലെ പല നേതാക്കന്മാരും തട്ടിപ്പുകേസുകളില്‍ ജയിലിലാണ്. എആര്‍ നഗര്‍ ബാങ്ക് വിഷയത്തില്‍ കോടികള്‍ പിഴയായി നല്‍കിയിരുന്നു. താന്‍ ഇടതുപക്ഷത്തിന്റെ ഭാഗമായല്ല, യൂത്ത് ലീഗ് മുന്‍ ജനറല്‍ സെക്രട്ടറി എന്ന നിലയിലാണ് വാര്‍ത്താസമ്മേളനം നടത്തുന്നതെന്ന് ജലീല്‍ പറഞ്ഞു.
മലയാളം സര്‍വകലാശാല ഭൂമി വാങ്ങലില്‍ അഴിമതിയുണ്ടെങ്കില്‍ അന്വേഷിക്കട്ടെ. താന്‍ അന്വേഷണത്തെ ഭയക്കുന്നില്ല. ഭൂമി വാങ്ങാന്‍ തീരുമാനിച്ചത് താന്‍ മന്ത്രിയായിരുന്നപ്പോഴല്ല. അതിന്റെ നടപടികള്‍ അവസാന ഘട്ടത്തിലായിരുന്നപ്പോഴാണ് താന്‍ മന്ത്രി സ്ഥാനത്തുണ്ടായിരുന്നത്. പരാതിയുണ്ടെങ്കില്‍ സിബിഐക്കോ മറ്റ് ഏജന്‍സികള്‍ക്കോ ഫിറോസ് പരാതി നല്‍കട്ടെയെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.















