ന്യൂദല്‍ഹി: എഥനോള്‍ കലർത്തിയ പെട്രോൾ (ഇ20 പെട്രോള്‍) വിതരണം പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്നുവന്ന വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി.
വിഷയത്തില്‍ തന്നെ രാഷ്‌ട്രീയമായി തകര്‍ക്കാന്‍ പണം നല്‍കിയുള്ള പ്രചാരണം നടക്കുന്നുണ്ടെന്ന് നിധിന്‍ ഗഡ്കരി പറഞ്ഞു. ഇ20 പെട്രോളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ തെറ്റാണെന്ന് ഇപ്പോള്‍ തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്ചറേഴ്‌സ് സൊസൈറ്റിയുടെ (എസ്‌ഐഎം) 65-ാമത് വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇ20 പെട്രോള്‍ പദ്ധതി നടപ്പാക്കുന്നതിനെ ചോദ്യംചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 20 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോളിന്റെ വില്‍പ്പന നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ളതായിരുന്നു പൊതുതാല്‍പ്പര്യ ഹര്‍ജി.
എഥനോള്‍ കലര്‍ന്ന പെട്രോള്‍ മിശ്രിതം നടപ്പാക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്ന് എല്ലാ പരിശോധനാ ഏജന്‍സികളും സ്ഥിരീകരിച്ചിട്ടുണ്ടെന്നും ശുദ്ധമായ ഇന്ധനം വികസിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത ഊന്നികൊണ്ട് ഗഡ്കരി പറഞ്ഞു.















