എറണാകുളം : തിരുവനന്തപുരത്ത് നിന്നെത്തിച്ച ഐസക്ക് ജോര്‍ജിന്റെ ഹൃദയം അങ്കമാലി സ്വദേശി അജിന്‍ ഏലിയാസിന്റെ ശരീരത്തില്‍ മിടിച്ച് തുടങ്ങി. ലിസി ആശുപത്രിയില്‍ നടന്ന ഹൃദയ മാറ്റ ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡോ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.
28കാരനാണ് ഹൃദയം സ്വീകരിച്ച അങ്കമാലി സ്വദേശി അജിന്‍ ഏലിയാസ്. തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നില്‍ എയര്‍ ആംബുലന്‍സ് ഹയാത്ത് എത്തിച്ച്, അവിടെനിന്ന് ആംബുലന്‍സില്‍ ലിസി ആശുപത്രിയിലേക്ക് ഹൃദയം കൊണ്ടുപോകുകയായിരുന്നു.
സെപ്തംബര്‍ ആറിനാണ് കൊട്ടാരക്കരയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് ഹോട്ടല്‍ ഉടമ 33 കാരന്‍ ഐസക്ക് ജോര്‍ജിന് ഗുരുതരമായി പരിക്കേറ്റത്.വെന്റിലേറ്റര്‍ സഹായത്തോടെ ഐസക്കിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ വൈകിട്ട് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. കുടുംബം സന്നദ്ധത അറിയിച്ചതോടെയാണ് ഐസക്കിന്റെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള നടപടി ആരംഭിച്ചത്. ഐസക്കിന്റെ ആറ് അവയവങ്ങളാണ് ദാനം ചെയ്തത്.
ഹൃദയം, കരള്‍, വൃക്കകള്‍, കോര്‍ണിയകള്‍ എന്നിവയാണ് ദാനം ചെയ്തത്. കരളും ഒരു വൃക്കയും കിംസിലും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും അവയവമാറ്റത്തിനായി ഉപയോഗിക്കും. കോര്‍ണിയകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കാണ് മാറ്റുന്നത്.
















