ന്യൂദല്‍ഹി: എബിവിപിയുടെ നേതൃത്വത്തില്‍ ദല്‍ഹി യൂണിവേഴ്സിറ്റിയുടെ നോര്‍ത്ത്, സൗത്ത് കാമ്പസുകളില്‍ ഛാത്ര ഗര്‍ജന റാലി സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥി പ്രശ്നങ്ങള്‍ ദല്‍ഹി സര്‍വകലാശാലാ ഭരണകൂടത്തിന് മുന്നില്‍ ഉന്നയിക്കാന്‍ ലക്ഷ്യമിട്ടാണ് ഛാത്ര ഗര്‍ജന എന്ന പേരില്‍ റാലി സംഘടിപ്പിച്ചത്. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ റാലിയില്‍ പങ്കെടുത്ത് അവരുടെ ആശങ്കകള്‍ ഭരണകൂടത്തോട് പങ്കുവെച്ചു.
ഛാത്ര ഗര്‍ജന റാലിയില്‍ എസ്സി/എസ്ടി/ഒബിസി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍, എല്ലാ കോളജുകളിലും സൈക്കോളജിസ്റ്റുകളുടെയും ഗൈനക്കോളജിസ്റ്റുകളുടെയും നിയമനം, യൂണിവേഴ്സിറ്റി തലത്തില്‍ ഒരു കേന്ദ്രീകൃത പ്ലേസ്മെന്റ് സെല്‍, വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷനല്‍ മെട്രോ പാസുകള്‍, എല്ലാ കോളേജുകളിലും പെണ്‍കുട്ടികള്‍ക്കുള്ള എന്‍സിസി സൗകര്യങ്ങള്‍, അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക സപ്ലിമെന്ററി പരീക്ഷകള്‍, നാലാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫെലോഷിപ്പ്, വിദേശ വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്നത് തടയാന്‍ സ്വകാര്യ ഹോസ്റ്റല്‍ ഉടമകളും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ഏകോപന സമിതി രൂപീകരണം തുടങ്ങിയ വിഷയങ്ങള്‍ എബിവിപി ഉന്നയിച്ചു.
ദല്‍ഹി സര്‍വകലാശാലയിലെ രണ്ട് കാമ്പസുകളിലെയും വിദ്യാര്‍ത്ഥികളില്‍ നിന്ന് എബിവിപിക്ക് വലിയ പിന്തുണ ലഭിച്ചു. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കായി വിദ്യാര്‍ത്ഥി കൗണ്‍സില്‍ വര്‍ഷത്തില്‍ 365 ദിവസവും പോരാടുന്നുണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്ന് ഡിയു ഭരണകൂടത്തോട് ആവശ്യപ്പെട്ടതായി എബിവിപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി വീരേന്ദ്ര സോളങ്കി പറഞ്ഞു.
ഛാത്ര ഗര്‍ജന റാലി വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് നില്‍ക്കുന്നതിന്റെ ഏകീകൃത ശബ്ദത്തെ പ്രതിനിധീകരിക്കുന്നു. വിവിധ ഡിയു കോളജുകളില്‍ നിന്നുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ റാലിയില്‍ പങ്കെടുക്കുകയും ഭരണകൂടത്തിന് മുന്നില്‍ തങ്ങളുടെ വെല്ലുവിളികള്‍ അവതരിപ്പിക്കുകയും ചെയ്തു. അഭിമാനകരമായ സ്ഥാപനമാണെങ്കിലും ഡിയു വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം, പെണ്‍കുട്ടികള്‍ക്കുള്ള ഗൈനക്കോളജിസ്റ്റുകളുടെ അഭാവം, ശുദ്ധമായ കുടിവെള്ളം തുടങ്ങിയ പ്രശ്‌നങ്ങളുമായി പൊരുതുന്നുണ്ട്.
















