ഡെറാഡൂൺ/ജയ്‌പൂർ: അക്രമാസക്തമായ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് നേപ്പാളിൽ രാജ്യവ്യാപകമായി നിയന്ത്രണ ഉത്തരവുകളും കർഫ്യൂവും ഏർപ്പെടുത്തിയതിനാൽ, അതിർത്തിയിലെ ജാഗ്രത ശക്തമാക്കുന്നതിനൊപ്പം അക്രമബാധിത രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന താമസക്കാരെ സഹായിക്കുന്നതിനായി ഭാരതത്തിലെ പല സംസ്ഥാനങ്ങളും പ്രത്യേക സഹായതാ സെല്ലുകൾ തുറന്നു.
നേപ്പാളിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും സമാധാനപരമായ മാർഗങ്ങളിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും ഭാരതം ചൊവ്വാഴ്ച ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചിരുന്നു. നേപ്പാളിൽ പുതിയ സർക്കാർ രൂപീകരണത്തിനുള്ള ശ്രമങ്ങൾ നടക്കുകയാണ്. സൈന്യം നിയന്ത്രണമേറ്റതോടെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മാറുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഇരുനൂറോളം തെലുങ്ക് ജനത നേപ്പാളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു പറഞ്ഞു.
















