ന്യൂദല്‍ഹി: ഭീകരവിരുദ്ധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റെയ്ഡ് നടത്തി. ജമ്മുകശ്മീരിലെ കുല്‍ഗാം, പുല്‍വാമ, ബാരാമുള്ള തുടങ്ങി 22 ഇടങ്ങളില്‍ എന്‍ഐഎ തെരച്ചില്‍ നടത്തി. പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരരുമായി ബന്ധപ്പെട്ട ഇടങ്ങളിലാണ് അന്വേഷണം നടക്കുന്നത്.
ബിഹാറിലെ എട്ടിടങ്ങളിലും, മഹാരാഷ്‌ട്ര, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ഒരിടത്തും, ഉത്തര്‍പ്രദേശില്‍ രണ്ടിടത്തും റെയ്ഡ് നടത്തിയതായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംസ്ഥാനങ്ങളിലെ പോലീസ് സേനയും റെയ്ഡില്‍ സഹകരിച്ചു.
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയെന്ന് സംശയിക്കുന്ന വ്യക്തികളുടെ വീടുകൡലും സ്ഥാപനങ്ങളിലുമാണ് തെരച്ചില്‍ നടത്തിയത്. നിരോധിത സംഘടനകളുമായി ബന്ധമുള്ള നിരവധി പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള സാമ്പത്തിക സഹായ സ്രോതസുകളും ഗൂഢാലോചന നടത്തിയവരെയും കണ്ടെത്തുകയാണ് രാജ്യവ്യാപക ഓപ്പറേഷന്റെ ലക്ഷ്യമെന്ന് എന്‍ഐഎ വ്യക്തമാക്കി.











