കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം വണ്ടൂർ സ്വദേശിനി ശോഭന(56)യാണ് മരിച്ചത്. ഒരു മാസത്തിനിടെ അഞ്ച് പേരാണ് രോഗം ബാധിച്ച് മരിച്ചത്. രണ്ട് കുട്ടികൾ ഉൾപ്പെടെ 12 പേരായിരുന്നു ചികിത്സയിൽ ഉണ്ടായിരുന്നത്.
ശനിയാഴ്ച അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് മരിച്ചിരുന്നു. മലപ്പുറം സ്വദേശിയായ പത്ത് വയസുകാരന് വ്യാഴാഴ്ച അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഗുരുതരാവസ്ഥയിൽ കഴിയുന്നവര്‍ക്ക് മറ്റ് അസുഖങ്ങൾ ഉള്ളതിനാൽ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു.
ദിവസങ്ങൾക്ക് മുൻപ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു. ഓമശ്ശേരി കണിയമ്പുറം വീട്ടിൽ അബ്ദുൾ സിദ്ദിഖ് – മെെനൂന ദമ്പതികളുടെ മകൻ മുഹമ്മദ് ആഹിലാണ് മരിച്ചത്. പ്രതിരോധശേഷി കുറവായിരുന്ന കുഞ്ഞ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു.
അതേസമയം, രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിൽ സങ്കീർണതയുണ്ടെന്നും ഡോക്ടർമാർ പറയുന്നു.
















