ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയ്‌ക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ആരോപിക്കുന്ന കേസില്‍ ഇഡിയും ഇടപെടുന്നു. രാഹുല്‍ഗാന്ധിയ്‌ക്കെതിരെ അലഹബാദ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യഹര്‍ജി നല്‍കിയ വിഘ്നേഷ് ശിശിറിനോട് ഈ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ തെളിവുകളും രേഖകളും ഹാജരാക്കാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. സെപ്തംബര്‍ 9ന് ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വിഘ്നേഷ് ശിശിര്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയ്‌ക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് തെളിഞ്ഞാല്‍ എംപി സ്ഥാനം നഷ്ടപ്പെടുമെന്നതിനാല്‍ ഈ കേസ് നിര്‍ണ്ണായകമാണ്. ഇരട്ട പൗരത്വം അനുവദിക്കാത്ത രാജ്യമാണ് ഇന്ത്യ. മറ്റൊരു രാജ്യത്തിന്റെ പൗരത്വം എടുത്തു എന്ന് തെളിഞ്ഞാല്‍ അവര്‍ക്ക് ഭരണഘടന അനുസരിച്ച് ഇന്ത്യന്‍ പൗരത്വം നഷ്ടമാകും. ഇഡി കൂടി ഇടപെടുന്നതോടെ ഈ കേസിന് പുതിയ മാനം കൈവരികയാണ്. വിദേശ വിനിമയ മാനേജ് മെന്‍റ് നിയമപ്രകാരമാണ് (ഫോറിന്‍ എക്സ് ചേഞ്ച് മാനേജ് മെന്‍റ് ആക്ട് (ഫെമ)) ഇഡിയും ഈ കേസിലേക്ക് കടന്നുവരുന്നത്. ബ്രിട്ടീഷ് പൗരനായിരിക്കെ രാഹുല്‍ ഗാന്ധിയ്‌ക്ക് വിദേശത്ത് നിന്നും പണം ലഭിച്ചിട്ടുണ്ടോ എന്ന കാര്യങ്ങളെക്കുറിച്ച് ഇഡി അന്വേഷിക്കും. വെളിപ്പെടുത്താത്ത എന്തെങ്കിലും സാമ്പത്തികഇടപാട് നടത്തപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കും.
“എന്റെ പരാതി ശക്തമാണ്. ആഭ്യന്തരമന്ത്രാലയത്തിന് മുന്‍പാകെ ശക്തമായ തെളിവുകള്‍ ഞങ്ങല്‍ നല്‍കിയിട്ടുണ്ട്. കേസിനെ ബലപ്പെടുത്താവുന്ന ചില പ്രസ്താവനകള്‍ ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്”. – വിഘ്നേഷ് ശിശിര്‍ പറയുന്നു.
കേസില്‍ വാദം കേള്‍ക്കുന്നതിനിടെ അലഹബാദ് ഹൈക്കോടതി ഈ കേസില്‍ പരാതിക്കാരനായ വിഘ്നേഷ് ശിശിറിന്റെ സുരക്ഷിതത്വം സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. വിഘ്നേഷ് ശിശിറിന് 24 മണിക്കൂറും സുരക്ഷയും നല്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ശിശിര്‍ഘോഷിനെതിരെ ഭീഷണിയുണ്ടെന്നും രാജ്യത്തെ ശക്തനായ ഒരാള്‍ക്കെതിരെയാണ് ശിശിര്‍ഘോഷ് നിയമയുദ്ധം നടത്തുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.ഈ ആരോപണം സംബന്ധിച്ച് യുകെ സര്‍ക്കാരിന്റെ മറുപടി തേടാന്‍ കേന്ദ്രസര്‍ക്കാരിനോട് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
പണ്ട് യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാകോപ്സ് എന്ന കമ്പനിയില്‍ ജീവനക്കാരനായിരുന്നപ്പോള്‍ രാഹുല്‍ ഗാന്ധി താന്‍ ബ്രിട്ടീഷ് പൗരനാണെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. 4874597 എന്ന രജിസ്ട്രേഷന്‍ നമ്പറില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ബാകോപ്സ് എന്ന് രേഖ വിഘ്നേഷ് ശിശിര്‍ വെളിപ്പെടുത്തിയിരുന്നു. ഈ കമ്പനിയുടെ ഡയറക്ടര്‍ ആയാണ് രാഹുല്‍ ഗാന്ധി ജോലി ചെയ്തിരുന്നതെന്നും പറയുന്നു.
ജസ്റ്റിസുമാരായ സംഗീത ചന്ദ്ര, ബ്രിജ് രാജ് സിങ്ങ് എന്നിവരാണ് ഈ കേസില്‍ വാദം കേള്‍ക്കുന്നത്.
















