അടൂര്‍: മറാത്താ വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഗണേശോത്സവത്തില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഗണേശ വിഗ്രഹത്തിനു മുമ്പില്‍ ഗവര്‍ണര്‍ ആരതി അര്‍പ്പിച്ചു. ഗണേശ ഗീതങ്ങള്‍ ആലപിക്കുകയും ഗണപതി ബപ്പാ മോറിയാ എന്ന പ്രശസ്തമായ ജയഘോഷം മുഴക്കുകയും ചെയ്തു.
‘നിങ്ങള്‍ ഏകദേശം ആയിരം കിലോമീറ്റര്‍ അകലെയുള്ള മഹാരാഷ്‌ട്രയില്‍ നിന്ന് ഇവിടെ എത്തി നിങ്ങളുടെ പാരമ്പര്യവും സംസ്‌കാരവും കാത്തുസൂക്ഷിക്കുന്നുവെന്നത് വളരെ പ്രശംസനീയമാണ്. അത് മാത്രമല്ല, നിങ്ങള്‍ ഇന്ന് കേരളത്തിന്റെ സംസ്‌കാരത്തിന്റെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു. കേരളത്തിന്റെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക പുരോഗതിയിലേക്ക് നിങ്ങള്‍ നല്‍കുന്ന സംഭാവന ഏറെ ശ്രദ്ധേയമാണ്. ഏറ്റവും പ്രധാനമായി, നിങ്ങള്‍ കേരളത്തിന്റെയും മഹാരാഷ്‌ട്രയുടെയും ഇടയില്‍ ഒരു സാംസ്‌കാരിക പാലമായി പ്രവര്‍ത്തിക്കുന്നത് അഭിമാനകരമായ കാര്യമാണ്.’ഗവര്‍ണര്‍ പറഞ്ഞു. ‘ഗണപതി ബപ്പാ മോറിയാ’ ആലേഖനം ചെയ്ത കാവി തൊപ്പി ധരിച്ചാണ് ഗവര്‍ണര്‍ ചടങ്ങില്‍ പങ്കെടുത്തത്. മറാത്താ വെല്‍ഫെയര്‍ അസോസിയേഷന്‍ നടത്തുന്ന ഗണേശോത്സവത്തിന്റെ എട്ടാം വാര്‍ഷികമായിരുന്നു. ഗവര്‍ണറുടെ വരവോടെ ആഘോഷങ്ങള്‍ക്ക് ഭംഗി കൂടി. കലാപരിപാടികള്‍, സാംസ്‌കാരിക അവതരണങ്ങള്‍, ഭക്തിഗാനങ്ങള്‍ എന്നിവയും ചടങ്ങിന്റെ ഭാഗമായിരുന്നു. അടൂരില്‍ നിന്നു തുടങ്ങി പന്തളം ശ്രീധര്‍മശാസ്താ ക്ഷേത്ര സന്നിധിയില്‍ ഗണേശവിഗ്രഹ നിമജ്ജനത്തോടെയാണ് ആഘോഷം സമാപിച്ചത്.















