ന്യൂദല്‍ഹി: യൂറോപ്യന്‍ സന്ദര്‍ശനത്തിന് പോയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വിദേശമണ്ണില്‍ നിന്നുകൊണ്ട് ഡൊണാള്‍ഡ് ട്രംപിന് പിന്തുണ നല്‍കിയും മോദി സര്‍ക്കാരിനെ വിമര്‍ശിച്ചും രംഗത്ത്. യുഎസില്‍ ചെന്നാല്‍ അവിടെ നിന്നും മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രാഹുല്‍ ഗാന്ധിയുടെ അതേ മാതൃകയാണ് ഇപ്പോള്‍ സ്റ്റാലിന്‍ പിന്തുടരുന്നത്.
റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിനെയായിരുന്നു സ്റ്റാലിന്റെ വിമര്‍ശനം. ഇന്ത്യയിലെ ജനങ്ങള്‍ക്ക് കുറഞ്ഞവിലയില്‍ പെട്രോളും ഡീസലും നല്‍കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായാണ് റഷ്യന്‍ എണ്ണ വാങ്ങുക എന്ന തീരുമാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നത്. അതിനെയാണ് സ്റ്റാലിന്‍ യൂറോപ്പിന്റെ മണ്ണില്‍ നിന്നുകൊണ്ട് ഇന്ത്യയ്‌ക്കെതിരെ വിമര്‍ശിച്ചത്.
ട്രംപുമായി ചര്‍ച്ചകള്‍ നടത്തി വ്യാപാരത്തീരുവപ്രശ്നം പരിഹരിക്കണമെന്നതാണ് സ്റ്റാലിന്‍ ഉന്നയിക്കുന്ന മറ്റൊരു വാദം. ഇത് രാജ്യദ്രോഹപരമായ വാദമാണ്. ഒന്ന്, റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി നിര്‍ത്തിയാലേ ഇന്ത്യയ്‌ക്കെതിരെ പ്രതികാരച്ചുങ്കമായി ചുമത്തിയിരിക്കുന്ന 50 ശതമാനം വ്യാപാരച്ചുങ്കത്തില്‍ നിന്നും 25 ശതമാനം വെട്ടിക്കുറയ്‌ക്കുകയുള്ളൂ. അങ്ങിനെ ചെയ്യുന്നത് ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ അപകടത്തിലാക്കും. മറ്റ് എവിടെ നിന്ന് എണ്ണ വാങ്ങിയാലും ഇന്ത്യയ്‌ക്ക് ഇപ്പോഴത്തെ ഡീസല്‍, പെട്രോള്‍ വില ഉയര്‍ത്തേണ്ടിവരും. അത് രാജ്യത്തെ പണപ്പെരുപ്പം വര്‍ധിപ്പിക്കും. വിലക്കയറ്റം സൃഷ്ടിക്കും. രണ്ടാമത്, അമേരിക്ക ആവശ്യപ്പെടുന്നത് ഇന്ത്യയുടെ കാര്‍ഷിക മേഖല അമേരിക്കയുടെ ഉല്‍പന്നങ്ങള്‍ക്ക് തുറന്നുകൊടുക്കണമെന്നതാണ്. അത് ഇന്ത്യയ്‌ക്ക് വലിയ തിരിച്ചടി നല്‍കും. കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക് പോകാന്‍ സാധ്യതയുണ്ട്. ഇന്ത്യയുടെ നട്ടെല്ലായ കാര്‍ഷിക മേഖലയെ കുരുതികൊടുത്ത് ഒരു വ്യാപാരക്കരാറും അമേരിക്കയുമായി ഉണ്ടാക്കേണ്ടതില്ലെന്ന നിലപാടിലാണ് മോദി.
ട്രംപിന് പിന്തുണ നല്‍കലാണ് സ്റ്റാലിന്റെ ലക്ഷ്യമെന്നറിയുന്നു. സ്റ്റാലിന്‍ മാത്രമല്ല, ഇന്ത്യാ സഖ്യത്തിലെ പാര്‍ട്ടികളുടെ നേതാക്കള്‍ എല്ലാം ട്രംപുമായി അടുക്കാന്‍ ശ്രമിക്കുന്നതായും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അതിന് ഉദാഹരണമാണ് ഇന്ത്യയുടേത് ചത്ത സമ്പദ് വ്യവസ്ഥയാണ് എന്ന ട്രംപിന്റെ വിമര്‍ശനത്തെ പിന്തുണച്ചുകൊണ്ട് നേരത്തെ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന.
സ്റ്റാലിന്‍ ഡീപ് സ്റ്റേറ്റിന്റെ ഏജന്‍റ് ?
ഇന്ത്യയുടേത് ചത്ത സമ്പദ്ഘടനയാണെന്ന ട്രംപിന്റെ വിമര്‍ശനത്തെ ഉയര്‍ത്തിപ്പിടിച്ച രാഹുല്‍ ഇന്ത്യയുടെ ജനങ്ങളുടെ താല്പര്യം ബലികഴിച്ച് ബ്രാഹ്മണന്മാര്‍ക്ക് ലാഭം കൊയ്യാന്‍ മോദി സര്‍ക്കാര്‍ റഷ്യയുടെ എണ്ണ വാങ്ങുന്നു എന്ന് മോദിയുടെ വ്യാപാര ഉപദേശകന്‍ പീറ്റര്‍ നവാരോ ആരോപിച്ചിരുന്നു. ഇതേ നിലപാടാണ് സ്റ്റാലിന്‍ ആവര്‍ത്തിക്കുന്നത്. ഗുജറാത്തിലെ എണ്ണശുദ്ധീകരണശാലകളില്‍ റഷ്യയുടെ വിലകുറഞ്ഞ എണ്ണ എത്തിച്ച് ഇന്ത്യയിലെ മറ്റ് ബിസിനസുകളെ മോദി സര്‍ക്കാര്‍ നശിപ്പിക്കുന്നു എന്നും സ്റ്റാലിന്‍ ആരോപിച്ചിരുന്നു. പക്ഷെ മോദി സര്‍ക്കാര്‍ ലക്ഷ്യമിട്ടത് രാജ്യതാല്‍പര്യം മാത്രമാണെന്ന് അംഗീകരിക്കാതെ ട്രംപിനും കൂട്ടര്‍ക്കും അനുകൂലമായ ശബ്ദം വിദേശമണ്ണില്‍ നിന്നും മുഴക്കുകയായിരുന്നു സ്റ്റാലിന്‍ ചെയ്തത്. ഇത് മിക്കവാറും മോദി സര്‍ക്കാരിനെ അട്ടമറിക്കാന്‍ വെമ്പല്‍കൊള്ളുന്ന ഡീപ് സ്റ്റേറ്റിന്റെ ഗൂഢാലോചനയുടെ ഭാഗമായിരിക്കാം എന്ന് കരുതുന്നു. ഡീപ് സ്റ്റേറ്റ് അജണ്ട രാഹുല്‍ ഗാന്ധിയുടെ അതേ കരുത്തോടെ സ്റ്റാലിനും നടപ്പാക്കുന്നു എന്ന് വേണം മനസ്സിലാക്കാന്‍. കഴിഞ്ഞ മാസങ്ങളില്‍ ധര്‍മ്മസ്ഥല എന്ന ഹിന്ദു ആരാധനാലയത്തെ തകര്‍ക്കാന്‍ വേണ്ടി മതപരിവര്‍ത്തനലോബിയും മാവോയിസ്റ്റ് മാധ്യമങ്ങളും എന്‍ജിഒകളും ഇസ്ലാമിക മതമൗലിക ശക്തികളും കൈകോര്‍ത്ത് പിടിച്ച് നടത്തിയ ഗൂഡാലോചനയ്‌ക്ക് പിന്നില്‍ സ്റ്റാലിന്റെ തമിഴ്നാടിലുള്ള ഒരു കോണ്‍ഗ്രസ് എംപിയ്‌ക്ക് പങ്കുണ്ടെന്ന ആരോപണം ശക്തമാവുകയാണ്.
സ്റ്റാലിന്‍ കരുതുന്നതുപോലെ ലളിതമല്ല ഈ പ്രശ്നം
ഗുജറാത്തിലെ റിഫൈനറികളില്‍ (റിലയന്‍സും നയാരയും) റഷ്യന്‍ എണ്ണ ശുദ്ധീകരിക്കുന്നത് വഴി ഇന്ത്യയിലെ കയറ്റുമതി ബിസിനസുകാര്‍ക്ക് പ്രശ്നമാണെന്നാണ് സ്റ്റാലിന്‍ പറഞ്ഞത്. പക്ഷെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് കുറഞ്ഞ വിലയ്‌ക്ക് പെട്രോളും (ലിറ്ററിന് 105 രൂപ 66 പൈസ) ഡീസലും (94 രൂപ 96 പൈസ) നല്‍കുന്നതിന് പിന്നില്‍ മോദി സര്‍ക്കാരിന്റെ ഈ കരുതലാണ്. ഇന്ത്യയുടെ പണപ്പെരുപ്പം മുഴുവന്‍ പിടിച്ചുനിര്‍ത്തുന്നതിന് പിന്നിലെ ഒരു പ്രധാനഘടകം പെട്രോള്‍, ഡീസല്‍ വില ഉയരാതെ പിടിച്ചുനിര്‍ത്തുന്നു എന്നതാണ്. അതേ സമയം റഷ്യയുടെ പക്കല്‍ നിന്നും കുറഞ്ഞ തുകയ്‌ക്ക് അസംസ്കൃത എണ്ണ വാങ്ങുന്ന ഇന്ത്യ അതില്‍ നിന്നും ഉണ്ടാക്കുന്ന പെട്രോളും ഡീസലും യഥാക്രമം ലിറ്ററിന് 105 രൂപ 66 പൈസയ്‌ക്കും ഡീസലിന് 94 രൂപ 96 പൈസയ്‌ക്കും നല്‍കുന്നത് വഴി അംബാനിയ്‌ക്ക് കോടികളുടെ ലാഭം ഉണ്ടാക്കിക്കൊടുക്കുന്നു എന്ന വ്യാജപ്രചാരണം അഴിച്ചുവിടുകയാണ് ഇന്ത്യാ പക്ഷവും അമേരിക്കയും ഡീപ് സ്റ്റേറ്റും. അല്‍ജസീറ, സിഎന്‍എന്‍, ബിബിസി, ന്യൂയോര്‍ക്ക് ടൈംസ് എന്നീ വിദേശമാധ്യമങ്ങള്‍ തൊട്ട് ഇന്ത്യയിലെ അസംഖ്യം യൂട്യൂബര്‍മാരും സോഷ്യല്‍മീഡിയ അക്കൗണ്ടുകളും ഈ ദുഷ് പ്രചാരണം അഴിച്ചുവിടുകയാണ്.
റഷ്യയുമായുള്ള ബന്ധം റഷ്യന്‍ എണ്ണയ്‌ക്കപ്പുറമുള്ളതാണ്
പ്രതിരോധ സാങ്കേതിക വിദ്യ, സാംസ്കാരം തുടങ്ങിയവയുടെ കൈമാറ്റത്തിനപ്പുറം റഷ്യയും ഇന്ത്യയും തമ്മില്‍ എണ്ണയുടെ ഇടപാട് കാര്യമായി ആരംഭിക്കുന്നത് 2022ല്‍ ആണ്. റഷ്യ- ഉക്രൈന്‍ യുദ്ധത്തിന് ശേഷം. യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പടെ റഷ്യയുടെ എണ്ണയ്‌ക്കും പ്രകൃതി വാതകത്തിനും ഉപരോധത്തെ തുടര്‍ന്ന് വിലക്കേര്‍പ്പെടുത്തിതുടങ്ങിയപ്പോഴാണ് ഇന്ത്യ റഷ്യയെ സഹായിക്കാന്‍ രംഗത്തിറങ്ങിയത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളും ജനങ്ങളുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാന്‍ റഷ്യന്‍ എണ്ണയ്‌ക്ക് സാധിക്കുമെന്ന് മോദി കണക്കുകൂട്ടി. റഷ്യയാകട്ടെ പിടിച്ചുനില്‍ക്കാന്‍ കുറഞ്ഞ വിലയ്‌ക്ക് എണ്ണ വില്‍ക്കാന്‍ തുടങ്ങി. 85 ശതമാനം എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ റഷ്യയുടെ എണ്ണില്‍ വലിയൊരു സാധ്യത കണ്ടു. പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ ഇത് മൂലം സാധിക്കുമെന്ന് മോദി സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. എണ്ണശുദ്ധീകരണശാലകളെ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. റഷ്യയുടെ അസംസ്കൃത എണ്ണയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഉല്‍പന്നങ്ങള്‍ ഇടതടവില്ലാതെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്‍പ്പെടെ വിതരണം ചെയ്യാനും സാധിക്കും. “ഞങ്ങള്‍ റഷ്യന്‍ എണ്ണ വാങ്ങുകയല്ല ചെയ്യുന്നത്. വിപണിയില്‍ ഏറ്റവും കുറഞ്ഞ വിലയ്‌ക്ക് ലഭിക്കുന്ന എണ്ണ വാങ്ങുക മാത്രമാണ് ചെയ്യുന്നത്.എന്റെ രാജ്യത്തെ ജനങ്ങളുടെ ഊര്‍ജ്ജസുരക്ഷയാണ് പ്രധാനം. പെട്രോള്‍, ഡീസല്‍ വില ഉയരുകയില്ലെന്ന സമാധാനത്തോടെ ജീവിക്കാനുള്ള സുരക്ഷയാണ് ഞങ്ങള്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മോദി പ്രകടിപ്പിക്കുന്ന ധീരതയെ ഞാന്‍ വാഴ്‌ത്തുന്നു.”- വിദേശകാര്യമന്ത്രി ജയശങ്കര്‍ വിശദീകരിക്കുന്നത് ഇങ്ങിനെയാണ്.
2022 വരെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 2 ശതമാനം മാത്രമാണ് റഷ്യ നല്‍കിയിരുന്നത്. അതുവരെ ഇറാഖില്‍ നിന്നായിരുന്നു ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങിയിരുന്നത്. 2023ല്‍ റഷ്യയില്‍ നിന്നും ഉള്ള എണ്ണ ഇറക്കുമതി 40 ശതമാനമായി ഉയര്‍ന്നു. മെയ് മാസത്തില്‍ ഇത് 41 ശതമാനം വരെ ഉയര്‍ന്നു. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതില്‍ റിലയന്‍സും നയാരയും ഉണ്ട്. നയാര റഷ്യയുടെ റോസ് നെഫ്റ്റ് എന്ന എണ്ണക്കമ്പനിയുടെ ഭാഗമാണ്. റഷ്യയില്‍ നിന്നുള്ള എണ്ണ ശുദ്ധീകരിച്ച് അതില്‍ നിന്നും പെട്രോളും ഡീസലും എടുത്ത് അത് ഇന്ത്യയില്‍ മുഴുവനായി വിതരണം ചെയ്തു. അതിന് ശേഷം ബാക്കിയുള്ളത് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു. നയാരയെക്കൊണ്ട് ഇന്ത്യയിലെ പെട്രോള്‍ ബങ്കുകളിലൂടെ റിട്ടെയിലായി പെട്രോളും ഡീസലും വില്‍ക്കാന്‍ അനുവദിക്കുകയും ചെയ്തു. എന്തിന് ഉക്രൈനുമായുള്ള യുദ്ധത്തിനിടയിലും ഇന്ത്യയ്‌ക്ക് വ്യോമപ്രതിരോധസംവിധാനമായ എസ് 400 (ഇന്ത്യ ഇതിന് സുദര്‍ശനചക്ര എന്ന് പേരിട്ടു) റഷ്യ നല്കാന്‍ കാരണം ഈ അടുപ്പമാണ്. അത് പാകിസ്ഥാനുമായുള്ള യുദ്ധസമയത്ത് ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് ഏറെ സഹായിച്ചു. ഇന്ത്യയുടെ 15 നഗരങ്ങളെ ലാക്കാക്കി പാകിസ്ഥാന്‍ അയച്ചിരുന്ന ഡ്രോണുകളും മിസൈലുകളും തകര്‍ക്കാന്‍ സാധിച്ചത് റഷ്യയുടെ ഈ എസ് 400 കൈവശമുണ്ടായതുകൊണ്ടാണ്.
റഷ്യയുടെ എണ്ണ ശുദ്ധീകരിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള എണ്ണയാണ്. അത് ശുദ്ധീകരിക്കാനുള്ള സങ്കീര്‍ണ്ണമായ സംവിധാനം ഗുജറാത്തിലെ ജാം നഗറിലുള്ള റിലയന്‍സിന് മാത്രമേ ഉള്ളൂ. എറെ സാമ്പത്തിക നിക്ഷേപം നടത്തിയാണ് റിലയന്‍സ് ജാം നഗറിലെ റിഫൈനറി നിര്‍മ്മിച്ചത്. ഇവിടെ ഇരട്ട എണ്ണശുദ്ധീകരണസംവിധാനമാണ് ഉള്ളത്. ഒരു എണ്ണശുദ്ധീകരണസംവിധാനം വഴി ഇന്ത്യയ്‌ക്കകത്ത് കുഴിച്ചെടുക്കുന്ന എണ്ണ ശുദ്ധീകരിക്കാം. മറ്റൊരെണ്ണം വിദേശത്ത് നിന്നുള്ള എണ്ണ ശുദ്ധീകരിക്കാനുള്ള അത്യന്തം സങ്കീര്‍ണ്ണവും ഏറെ ചെലവേറിയതുമായ സംവിധാനമാണ്. പിന്നെ റഷ്യയുടെ റോസ് നെഫ്റ്റിന്റെ ഭാഗമായ നയാര റിഫൈനറിക്കും വിലകുറഞ്ഞ റഷ്യന്‍ എണ്ണ ശുദ്ധീകരിക്കാനുള്ള സംവിധാനമുണ്ട്. ഇതും ഗുജറാത്തിലാണ് സ്ഥിതിചെയ്യുന്നത്. അതേ സമയം റിലയന്‍സ് റഷ്യയില്‍ നിന്നും വാങ്ങുന്ന വിലകുറഞ്ഞ എണ്ണ ശുദ്ധീകരിച്ച് കൊള്ളലാഭം ഉണ്ടാക്കുന്നു എന്ന ആരോപണത്തെ ജെഫ്രീസ് എന്ന ആഗോളനിക്ഷേപകബാങ്ക് തള്ളിക്കളയുന്നു. ആഗോളഉപരോധങ്ങള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് റിലയന്‍സ്. റഷ്യയുടെ എണ്ണ ശുദ്ധീകരിച്ച് വില്‍ക്കുക വഴി ബാരലിന് ഒരു ഡോളര്‍ മാത്രമാണ് റിലയന്‍സിന് ലഭിക്കുന്ന ലാഭമെന്നും ജെഫ്രീസ് പറയുന്നു. ആഗോള നിക്ഷേപമാനേജ്മെന്‍റ് കമ്പനിയായ സിഎല്‍എസ്എയും ജെഫ്രീസിന്റെ ഈ അഭിപ്രായത്തോട് യോജിക്കുന്നു.
















