അമരാവതി: ആന്ധ്രാപ്രദേശിലെ എന്‍ഡിആര്‍ ജില്ലയില്‍ നന്ദിഗമയിലെ ഗണേശ പന്തലിന് സമീപം ചിക്കന്‍ വിളമ്പിയ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള ചടങ്ങിലാണ് ബിരിയാണി വിളമ്പിയത്. ഗാന്ധിസെന്ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇരുപതിലധികം പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു.
ഗണേശോത്സവത്തിന്റെ ഭാഗമായി കെട്ടിയ പന്തലില്‍ ഗണേശ വിഗ്രഹവും സ്ഥാപിച്ചിട്ടുണ്ടായിരുന്നു. പരിപാടി സംഘടിപ്പിക്കുന്നതിന് അനുമതി ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അനുമതിയില്ലാതെ പരുപാടി നടത്തിയതും വിഗ്രഹത്തിന് സമീപം മാംസാഹാരം വിളമ്പിയതും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വൈ.വി.വി.എല്‍ നായിഡു എതിര്‍ത്തിരുന്നു. ഇതു മാനിക്കാതെയാണ് നേതാക്കള്‍ തീരുമാനവുമായി മുന്നോട്ടു പോയത്.
















