ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജിഎസ്ടി നിരക്ക് പരിഷ്‌കരണത്തെ ആഹ്ലാദത്തോടെ സ്വാഗതം ചെയ്ത് രാജ്യം. ചരിത്രപരമായ അടുത്ത തലമുറ ജിഎസ്ടി പരിഷ്‌കാരങ്ങളെ ദീപാവലി സമ്മാനമായാണ് കേന്ദ്ര സര്‍ക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ചെലവു കുറയ്‌ക്കുക, ഉത്പാദനം വര്‍ധിപ്പിക്കുക, ജീവിതം സുഗമമാക്കുക, സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുക, സ്വയംപര്യാപ്ത ഭാരതത്തെ ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് പുതിയ പരിഷ്‌കാരത്തിന്റെ ലക്ഷ്യം. അവശ്യവസ്തുക്കള്‍, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെ സമസ്ത മേഖലകളെയും സര്‍ക്കാര്‍ നികുതിയിളവുകളുടെ ഭാഗമാക്കി. സപ്തംബര്‍ 22ന് നവരാത്രിയുടെ ആദ്യദിവസം മുതല്‍ പുതിയ നിരക്കുകള്‍ നിലവിലാകും.
നിലവിലെ 5%, 12%, 18%, 28% എന്നീ നാലു സ്ലാബുകളില്‍ നിന്ന് 12%, 28% സ്ലാബുകള്‍ ഒഴിവാക്കി അഞ്ച് ശതമാനം, 18 ശതമാനം സ്ലാബുകള്‍ മാത്രമാക്കി. 12 ശതമാനം നികുതിയുണ്ടായിരുന്ന സ്ലാബിലെ 99 ശതമാനം ഉത്പന്നങ്ങളെയും അഞ്ച് ശതമാനം സ്ലാബിലേക്കും 28 ശതമാനം സ്ലാബിലെ ഒട്ടുമിക്കവയെയും 18 ശതമാനം സ്ലാബിലേക്കും മാറ്റി. ഇതോടെ സാധന, സേവനങ്ങളുടെ വില കുത്തനെ കുറയും. ഇത് സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും ഇടത്തരക്കാര്‍ക്കും ആശ്വാസമാകും. ഏഴ് വര്‍ഷം മുമ്പ് നിലവില്‍ വന്ന നികുതിഘടനയിലെ ഏറ്റവും വലിയ അഴിച്ചുപണിയാണ് നടപ്പാക്കുന്നത്.
ബുധനാഴ്ച രാത്രി പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചതോടെ ഇന്നലെ ഓഹരി വിപണിയിലും നേട്ടമുണ്ടായി. സെന്‍സെക്സും നിഫ്റ്റിയും കുതിച്ചുയര്‍ന്നു. ബിഎസ്ഇ സെന്‍സെക്സ് 888.96 പോയിന്റ് ഉയര്‍ന്ന് 81,456.67 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. എന്‍എസ്ഇ നിഫ്റ്റി 265.7 പോയിന്റ് ഉയര്‍ന്ന് 24,980.75ലാണ് വ്യാപാരം ആരംഭിച്ചത്.
വിവിധ വ്യവസായ സംഘടനകളും പുതിയ പരിഷ്‌കരണത്തെ സ്വാഗതം ചെയ്തു. ഭാവിയെ മുന്നില്‍ക്കണ്ടാണ് പരിഷ്‌കരണമെന്ന് സംഘടനകള്‍ അഭിപ്രായപ്പെട്ടു. സിമന്റിന്റെ ജിഎസ്ടി 29ല്‍ നിന്ന് 18 ആയി കുറച്ചതു നിര്‍മാണച്ചെലവ് കുറയ്‌ക്കുന്നതിനും ഉപയോക്താക്കള്‍ക്കും റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിനും ഗുണം ചെയ്യുമെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന്‍സ് ഓഫ് ഇന്ത്യ (ക്രെഡായ്) അഭിപ്രായപ്പെട്ടു. ഈ പരിഷ്‌കാരം സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഗണ്യമായ ആശ്വാസമാകുമെന്നും പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ കൂടുതല്‍ ലഘൂകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ക്രെഡായ് കൂട്ടിച്ചേര്‍ത്തു.
വാഹനങ്ങളുടെ നികുതി നിരക്കുകള്‍ കുറയ്‌ക്കാനുള്ള ജിഎസ്ടി കൗണ്‍സില്‍ തീരുമാനം സമയോചിതമാണെന്നും ഇത് ഓട്ടോമോട്ടീവ് മേഖലയ്‌ക്ക് പുതിയ ഉത്തേജനം നല്കുമെന്നും സൊസൈറ്റി ഓഫ് ഇന്ത്യ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് (സിയാം) അഭിപ്രായപ്പെട്ടു. ആദ്യമായി വാഹനം വാങ്ങുന്നവര്‍ക്കും ഇടത്തരം വരുമാനമുള്ള കുടുംബങ്ങള്‍ക്കും ഗണ്യമായി ഇതിന്റെ പ്രയോജനം കിട്ടും. കൂടുതല്‍ വാഹനങ്ങള്‍ വിറ്റഴിക്കപ്പെടുമെന്നും തീരുമാനത്തെ ഓട്ടോമൊബൈല്‍ വ്യവസായം സ്വാഗതം ചെയ്യുന്നതായും സിയാം വ്യക്തമാക്കി.
സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജിഎസ്ടി നിരക്കുകള്‍ പരിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചത്. ജിഎസ്ടി കൗണ്‍സിലിന്റെ മന്ത്രിതല സമിതി ഈ നിര്‍ദേശം അംഗീകരിച്ചിരുന്നു. ബുധനാഴ്ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിന്റെ 56-ാമത് യോഗം നിര്‍ദേശം അംഗീകരിക്കുകയായിരുന്നു.













