തൃശൂർ: കുന്നംകുളത്ത് പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സംരക്ഷിച്ച് മുതിർന്ന ഉദ്യോഗസ്ഥർ. യുവാവിനെ തല്ലിച്ചതച്ച പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാത്തത് ഉൾപ്പെടെ നിരവധി വീഴ്ചകളാണ് ഉണ്ടായത്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും വകുപ്പുതല നടപടികൾ കൈക്കൊള്ളാൻ മടിക്കുകയാണ് ഉദ്യോഗസ്ഥർ.
അതിനിടെ, പോലീസ് സ്റ്റേഷനിലെ ക്രൂരമര്‍ദ്ദന കേസ് ഒതുക്കാന്‍ പോലീസ് 20 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തല്‍. മര്‍ദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതില്‍ കൂടുതല്‍ പണം വേണമെങ്കിലും നല്‍കി കേസ് സെറ്റില്‍ ചെയ്യാമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വഴി സൂചിപ്പിച്ചിരുന്നതായും സുജിത് പറയുന്നു. നേരിട്ടും ഇടനിലക്കാര്‍ വഴിയുമാണ് സ്വാധീനം ചെലുത്താന്‍ ശ്രമിച്ചത്.S
പ്രാദേശിക കോണ്‍ഗ്രസ് നേതാവ് വര്‍ഗീസിനെയും പോലീസ് ഉദ്യോഗസ്ഥര്‍ സമീപിച്ചിരുന്നതായും യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റായ വി എസ് സുജിത്ത് പറഞ്ഞു. പണം വാദ്ഗാനം ചെയ്തപ്പോള്‍ നിയമവഴിയില്‍ കാണാമെന്ന് തിരിച്ചു പറഞ്ഞു. ഇതോടെ പോലീസ് ഉദ്യോഗസ്ഥര്‍ പിന്തിരിയുകയായിരുന്നുവെന്നും സുജിത് പറഞ്ഞു. കേസില്‍ പ്രതികളാക്കപ്പെട്ട നാലുപേര്‍ക്ക് പുറമെ, അന്ന് പോലീസ് ഡ്രൈവറായിരുന്ന സുഹൈര്‍ കൂടി തന്നെ മര്‍ദ്ദിച്ചിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും സുജിത് കൂട്ടിച്ചേര്‍ത്തു.
റവന്യൂ വകുപ്പിലാണ് സുഹൈര്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. തന്നെ മര്‍ദ്ദിച്ച അഞ്ചുപേര്‍ക്കെതിരെയും നടപടി വേണമെന്നും സുജിത് ആവശ്യപ്പെടുന്നു.
2023 ഏപ്രില്‍ അഞ്ചിനാണ്, യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റായിരുന്ന സുജിത്തിനെ പോലീസുകാര്‍ സ്റ്റേഷനില്‍ കൊണ്ടുപോയി അതിക്രൂരമായി മര്‍ദ്ദിച്ചത്. വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ അകാരണമായി പോലീസുകാര്‍ ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സുജിത്ത് കാര്യം തിരക്കിയതാണ് ക്രൂരമര്‍ദ്ദനത്തിന് ഇടയാക്കിയത്.
ദൃശ്യം ഉൾപ്പെടെയുള്ള തെളിവുകൾ ലഭിച്ചിട്ടും ദുർബല വകുപ്പുകളാണ് ഉദ്യോഗസ്ഥർക്കെതിരെ ചുമത്തിയത്. പോലീസ് സ്റ്റേഷനിലെ പോലീസ് ഗുണ്ടായിസത്തെ കുറിച്ച് വ്യക്തമാക്കുന്നതായിരുന്നു പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ. അന്വേഷണ റിപ്പോർട്ടിൽ മൂന്നാംമുറയെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. 2023-ലാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഉദ്യോഗസ്ഥർക്ക് ശിക്ഷ നൽകിയിട്ടുണ്ടെന്നായിരുന്നു തൃശൂർ ഡിഐജിയുടെ പ്രതികരണം.
















