ആഗോള അയ്യപ്പ മഹാസംഗമം നടത്തി ഹിന്ദുക്കളെ കബളിപ്പിച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്താമെന്നുള്ള സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും തന്ത്രത്തിന് കനത്ത തിരിച്ചടിയേറ്റിരിക്കുന്നു. അയ്യപ്പ സംഗമത്തെ പിന്തുണയ്‌ക്കുന്നതായി പറയുന്നവര്‍ക്കിടയില്‍ ഉയര്‍ന്നുവന്നിട്ടുള്ള കടുത്ത അഭിപ്രായ ഭിന്നതകളാണ് സര്‍ക്കാരിന് കീറാമുട്ടി ആയിരിക്കുന്നത്. ശബരിമലയിലെ ആചാര സംരക്ഷണം ഉറപ്പാക്കണമെന്ന ഉപാധികളോടെയാണ് ഹിന്ദു സമൂഹത്തിലെ പ്രമുഖ സമുദായ സംഘടനകളായ എന്‍എസ്എസും എസ്എന്‍ഡിപിയും അയ്യപ്പ സംഗമത്തെ പിന്തുണയ്‌ക്കുമെന്ന് പറഞ്ഞിട്ടുള്ളത്. അതേസമയം സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന കെപിഎംഎസിന്റെ നേതാവും, സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച നവോത്ഥാന സമിതിയുടെ കണ്‍വീനറുമായ പുന്നല ശ്രീകുമാര്‍ എസ്എന്‍ഡിപിയുടെയും എന്‍എസ്എസിന്റെയും ഉപാധികള്‍ക്ക് വിരുദ്ധമായാണ് സംസാരിക്കുന്നത്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുമെന്ന നയത്തില്‍ നിന്ന് പിന്നോട്ടു പോയാല്‍ സര്‍ക്കാരിന് വലിയ വിലനല്‍കേണ്ടി വരുമെന്നാണ് പുന്നല ശ്രീകുമാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതിന് പിന്നിലുള്ള സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ മറ്റു പല ഹൈന്ദവ സമുദായ സംഘടനകളും സംശയദൃഷ്ടിയോടെയാണ് കാണുന്നത്. ശതകോടീശ്വരന്മാരെ ഈ സംഗമത്തിലേക്ക് ക്ഷണിച്ചുവരുത്തുമ്പോള്‍ അയ്യപ്പസ്വാമിയുടെ പ്രജകളായ വനവാസി സമൂഹത്തോട് സര്‍ക്കാര്‍ ഭ്രഷ്ട് കാണിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ആദിവാസി ദളിത് ഗോത്ര സാംസ്‌കാരിക സഭ എന്ന സംഘടന വ്യക്തമാക്കിയിരിക്കുന്നു. ഇങ്ങനെയൊരു സ്ഥിതിവിശേഷം സംജാതമാകുമെന്ന് സര്‍ക്കാര്‍ കരുതിയതല്ല.
ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിച്ചുകൊണ്ട് പിണറായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുള്ളതാണ്. ഇതിന്റെ ചുവടുപിടിച്ചാണ് പോലീസിന്റെ സംരക്ഷണയില്‍ ചില യുവതികളെ ശബരിമലയില്‍ എത്തിച്ച് ആചാരലംഘനത്തിനുള്ള ബോധപൂര്‍വ്വമായ ശ്രമം സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. ഇതിനെതിരെയായിരുന്നു ഹിന്ദു സംഘടനകളുടെ നേതൃത്വത്തിലുള്ള വന്‍ പ്രക്ഷോഭം. ഇപ്പോള്‍ വിശ്വാസികള്‍ക്കൊപ്പം ആണെന്ന് അവകാശപ്പെട്ട് അയ്യപ്പഭക്ത സംഗമം നടത്തുന്ന സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സര്‍ക്കാര്‍ കോടതിയില്‍ കൊടുത്ത സത്യവാങ്മൂലം പിന്‍വലിക്കണമെന്നും, വിശ്വാസ സംരക്ഷണത്തിനു വേണ്ടി സമരം ചെയ്തവര്‍ക്കെതിരെ എടുത്ത കള്ളക്കേസുകള്‍ റദ്ദാക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ ആവശ്യത്തോട് പ്രതികരിക്കാത്തത് സര്‍ക്കാരിന്റെ ദുഷ്ടലാക്ക് പുറത്തുകൊണ്ടുവരുന്നുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ മുന്നില്‍ നിര്‍ത്തിയുള്ള പിണറായി സര്‍ക്കാരിന്റെ കാപട്യവും രാഷ്‌ട്രീയ മുതലെടുപ്പിനുള്ള ശ്രമവും വിശ്വഹിന്ദുപരിഷത്തിനേയും ഹിന്ദു ഐക്യവേദിയേയും പോലുള്ള സംഘടനകള്‍ തുറന്നുകാട്ടുകയും ചെയ്തിരിക്കുന്നു. ഇവിടെ ഒരേസമയം അഴിഞ്ഞുവീഴുന്നത് സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും മുഖംമൂടിയാണ്.
യഥാര്‍ത്ഥത്തില്‍ കോടാനുകോടി അയ്യപ്പഭക്തരുടെ വിശ്വാസത്തെ വില്പനച്ചരക്കാക്കുകയാണ് പമ്പാ മണപ്പുറത്തെ അയ്യപ്പഭക്ത സംഗമത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. സമഭാവനയുടെ കേദാരഭൂമിയായ ശബരിമലയേയും പമ്പ തടത്തെയും അപകീര്‍ത്തിപ്പെടുത്തുകയാണ് സര്‍ക്കാരും സിപിഎമ്മും ദേവസ്വം ബോര്‍ഡും. അയ്യപ്പ സംഗമത്തിന് എത്തുന്നവരെ പണം നോക്കി തരംതിരിച്ച് കോടികള്‍ കൊയ്യാനുള്ള സര്‍ക്കാരിന്റെ ശ്രമം ഭക്തര്‍ക്ക് ഒരിക്കലും അംഗീകരിക്കാനാവില്ല. പുണ്യപമ്പയുടെ തീരം ഇതിന് വേദിയാക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. ദേവസ്വം ബോര്‍ഡുകളെ ഉപയോഗിച്ച് ക്ഷേത്ര സ്വത്ത് കൊള്ളയടിച്ചു കൊണ്ടിരിക്കുന്നതിന്റെ തുടര്‍ച്ചയാണ് ഇതും. നിരീശ്വരവാദികളുടെ ഈ കടന്നുകയറ്റത്തെ ചെറുത്തുതോല്‍പ്പിച്ചേ മതിയാവൂ. ഇപ്പോള്‍ അയ്യപ്പ ഭക്തരുടെയും വിശ്വാസികളുടെയും പേരില്‍ ആണയിടുന്ന സിപിഎമ്മിന്റെ ഭൂതകാലം എന്‍എസ്എസിനെയും എസ്എന്‍ഡിപിയേയും വിശ്വകര്‍മ്മ സഭകളെയും യോഗക്ഷേമ സഭയേയും പോലുള്ള സമുദായ സംഘടനകള്‍ കാണാതെ പോകരുത്.
















