കൊച്ചി: സിനിമയില്‍ ബെംഗളൂരു നഗരത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ഖേദപ്രകടനവുമായി ലോകയുടെ നിര്‍മ്മാതാക്കള്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച മലയാള ചിത്രമായ ലോക- ചാപ്റ്റര്‍ വണ്‍ ചന്ദ്ര വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ്. അതിനിടെയാണ് കര്‍ണ്ണാടകയില്‍ പ്രതിഷേധം ഉയര്‍ന്നത്. കല്യാണി പ്രിയദര്‍ശനാണ് നായിക.
‘ഞങ്ങളുടെ ചിത്രമായ ലോക: ചാപ്റ്റര്‍ 1 ലെ ഒരു കഥാപാത്രം പറയുന്ന ഒരു സംഭാഷണം ഞങ്ങള്‍ ഉദ്ദേശിക്കാത്ത വിധത്തില്‍ കര്‍ണാടകത്തിലെ ജനങ്ങളുടെ വികാരത്തെ മുറിവേല്‍പ്പിച്ചതായി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരിക്കുന്നു. വേഫെറര്‍ ഫിലിംസില്‍ മറ്റെന്തിനേക്കാളും പ്രാധാന്യം ജനങ്ങള്‍ക്കാണ് ഞങ്ങള്‍ നല്‍കുന്നത്. സംഭവിച്ച ഈ അശ്രദ്ധയില്‍ ഞങ്ങള്‍ അങ്ങേയറ്റം ഖേദിക്കുന്നു. ഇത് ബോധപൂര്‍വ്വം ആയിരുന്നില്ല. ചോദ്യംചെയ്യപ്പട്ടിരിക്കുന്ന സംഭാഷണം എത്രയും വേഗം ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യും. ഉണ്ടായ മനോവിഷമത്തില്‍ ഞങ്ങള്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. ഞങ്ങളുടെ ക്ഷമാപണം സ്വീകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു’ എന്നാണ് സോഷ്യല്‍ മീഡിയയില്‍ വേഫെറര്‍ ഫിലിംസ് കുറിച്ചിരിക്കുന്നത്.
















