ഹൈദരാബാദ്: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് ഭാരത് രാഷ്‌ട്ര സമിതി (ബിആര്‍എസ്)യില്‍നിന്ന് മകള്‍ കെ. കവിതയെ പുറത്താക്കി പാര്‍ട്ടി അധ്യക്ഷന്‍ കെ. ചന്ദ്രശേഖര റാവു(കെ.സി.ആര്‍.). കുറച്ചുകാലമായി പാര്‍ട്ടിയ്‌ക്കെതിരെയും പാര്‍ട്ടിയിലെ ഉന്നതര്‍ക്കെതിരെയും നിരന്തരം വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് കവിത നേതൃത്വത്തിന്റെ അപ്രീതിക്ക് പാത്രമായിരുന്നു.
കവിതയുടെ സമീപകാലത്തെ പെരുമാറ്റങ്ങളും അവര്‍ നടത്തുന്ന തുടര്‍ച്ചയായ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളും ബിആര്‍എസിന് ദോഷകരമാണെന്നതിനാല്‍ പാര്‍ട്ടി ഈ വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നത്. കവിതയെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ പാര്‍ട്ടി അധ്യക്ഷന്‍ കെ. ചന്ദ്രശേഖര റാവു തീരുമാനിച്ചു., ബിആര്‍എസ് പ്രസ്താവനയില്‍ അറിയിച്ചു.
പല കാര്യങ്ങളിലും പാര്‍ട്ടി മൗനം പാലിക്കുകയാണെന്ന് ആരോപിച്ച് കവിത നേരത്തേ കെ.സി.ആറിന് കത്തെഴുതിയിരുന്നു. കെടിആറിന്റെ നേതൃത്വത്തെ കവിത പരസ്യമായി ചോദ്യം ചെയ്തതും പ്രശ്നങ്ങള്‍ രൂക്ഷമാക്കി. തെലങ്കാന ജാഗ്രതിയുടെ പുതിയ ഓഫീസ് കവിത ആരംഭിച്ചത് ബിആര്‍എസുമായി അകലുകയാണെന്ന അഭ്യൂഹത്തിന് ആക്കം കൂട്ടുകയും ചെയ്തിരുന്നു.
കാലേശ്വരം പദ്ധതിയെക്കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട തെലങ്കാന സർക്കാരിന്റെ തീരുമാനത്തോട് പ്രതികരിച്ച കെ. കവിത, കെസിആറിന്റെ പ്രതിച്ഛായ തകർക്കാനുള്ള ഏതൊരു ശ്രമവും ബിആർഎസ് നേതാക്കളായ ഹരീഷ് റാവുവും സന്തോഷ് റാവുവും തനിക്കും മുൻ മുഖ്യമന്ത്രിക്കും എതിരെ നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്ന് ആരോപിച്ചു.
“സി.ബി.ഐ അന്വേഷണത്തിൽ, കെ.സി.ആർ. കളങ്കരഹിതനായി പുറത്തുവരും, കഴുകി വൃത്തിയാക്കിയ മുത്ത് പോലെ… കാലേശ്വരം വിഷയത്തിൽ കെ.സി.ആറിന്റെ പ്രതിച്ഛായ മങ്ങിയിട്ടുണ്ടെങ്കിൽ, കാരണം ഹരീഷ് റാവുവും സന്തോഷ് റാവുവുമാണ്. അവർ എനിക്കെതിരെ നിരവധി ഗൂഢാലോചനകൾ നടത്തിയിട്ടും ഞാൻ സഹിച്ചു. ഹരീഷിനും സന്തോഷ് റാവുവിനും പിന്നിൽ, തീർച്ചയായും രേവന്ത് റെഡ്ഡിയാണ്. ഹരീഷ് റാവുവും സന്തോഷ് റാവുവും കാരണം കെ.സി.ആർ. സിബിഐ അന്വേഷണം നേരിടുന്നുവെന്നും കവിത കുറ്റപ്പെടുത്തിയിരുന്നു.
















