തിരുവനന്തപുരം:കേരള യൂണിവേഴ്സിറ്റി രജിസ്റ്റാര്‍ ഇന്‍ ചാര്‍ജ് പദവിയില്‍ നിന്ന് മിനി കാപ്പനെ മാറ്റി. സിന്‍ഡിക്കേറ്റ് യോഗശേഷം മിനി കാപ്പന്‍ ചുമതലയൊഴിയും.കാര്യവട്ടം ക്യാമ്പസ് ജോയിന്റ് രജിസ്ട്രാര്‍
ഡോ.രശ്മിക്കാണ് ചുമതല നല്‍കുക.
ചൊവ്വാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിന്റെ തുടക്കത്തില്‍ തന്നെ മിനി കാപ്പന്‍ യോഗത്തില്‍ പങ്കെടുത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നു. കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗം സസ്പെന്‍ഷന്‍ റദ്ദാക്കിയ ഡോ കെ എസ് അനില്‍ കുമാര്‍ യോഗത്തില്‍ പങ്കെടുക്കണമെന്നായിരുന്നു ഇടത് അംഗങ്ങള്‍ ആവശ്യപ്പെട്ടത്.
കെ എസ് അനില്‍ കുമാറിന്റെ കേസ് ഹൈക്കോടതി വിധി പറയാന്‍ മാറ്റിയ സാഹചര്യത്തില്‍ ഈ യോഗത്തില്‍ കെ എസ് അനില്‍ കുമാറിനെ പങ്കെടുപ്പിക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു. ശേഷം രജിസ്റ്റാര്‍ ഇന്‍ ചാര്‍ജ് സ്ഥാനത്തുനിന്ന് മിനി കാപ്പനെ മാറ്റാനും കാര്യവട്ടം ക്യാമ്പസ് ജോയിന്റ് രജിസ്ട്രാര്‍ക്ക് പകരം ചുമതല കൈമാറാനും തീരുമാനവുമായി.
ഇന്നത്തെ യോഗത്തിന്റെ മിനുറ്റ്സ് മിനി കാപ്പന്‍ രേഖപ്പെടുത്തും. അതിന് ശേഷം ചുമതലകളില്‍ നിന്ന് ഒഴിയും. കെ എസ് അനില്‍ കുമാറിന്റെ കേസില്‍ ഹൈക്കോടതി തീരുമാനമുണ്ടാകുന്നതുവരെയാണ് ഡോ.രശ്മിക്ക് ചുമതല നല്‍കിയത്.















