ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാല യൂണിയന്‍ സംഘടിപ്പിച്ച സ്വയംസിദ്ധ 2025ല്‍ മുഖ്യമന്ത്രി രേഖ ഗുപ്ത പങ്കെടുത്തു. അക്കാദമിക് രംഗത്തും എന്‍സിസി, എന്‍എസ്എസ്, കലാ- കായിക രംഗത്തും സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വിദ്യാര്‍ത്ഥിനികളെ അഭിനന്ദിക്കാനായി 2014 മുതല്‍ എബിവിപി നടത്തുന്ന പരിപാടിയാണ് സ്വയംസിദ്ധ. ഉന്നതനേട്ടം കൈവരിച്ച 500 വിദ്യാര്‍ത്ഥികള്‍ക്ക് മുഖ്യമന്ത്രി ഫലകവും പ്രശസ്തിപത്രവും കൈമാറി.
സര്‍വകലാശാല സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന ചടങ്ങ് രേഖ ഗുപ്ത ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി എന്ന സുപ്രധാന പദവിയില്‍ ഇന്ന് എത്തിച്ചേര്‍ന്നിരിക്കുമ്പോള്‍ എന്നെ ഞാനാക്കി മാറ്റിയ വിദ്യാര്‍ത്ഥി പരിഷത്തിനോട് ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന ഈ അവസരത്തില്‍ എന്റെ കോളജ് കാലഘട്ടത്തെക്കുറിച്ച് ഓര്‍ത്തു പോവുകയാണ്. മാനേജ്‌മെന്റ് ബിരുദധാരിയായ വ്യക്തിയല്ല ഞാന്‍, എന്നിട്ടും ഭരണരംഗത്ത് എനിക്ക് ശോഭിക്കാന്‍ സാധിക്കുന്നു എങ്കില്‍ അതിന് ഞാന്‍ കടപ്പെട്ടിരിക്കുന്നത് എബിവിപിയോടാണ്. രേഖ ഗുപ്ത കൂട്ടിച്ചേര്‍ത്തു.
എബിവിപി ദേശീയ ഗേള്‍സ് ഇന്‍ ചാര്‍ജ് പ്രൊഫ. മനു ശര്‍മ കട്ടാരിയ, ദേശീയ സെക്രട്ടറി ശിവാംഗി ഖര്‍വാള്‍, ദല്‍ഹി സര്‍വകലാശാല യൂണിയന്‍ വൈസ് പ്രസിഡന്റ് ഭാനു പ്രതാപ് സിങ്, സെക്രട്ടറി മിത്രവിന്ദ കരണ്‍വാള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
















