കോയമ്പത്തൂര്‍: ഇഷായോഗ സ്ഥപാകനും പ്രശസ്ത യോഗിയുമായ സദ്ഗുരു ജഗ്ഗി വാസുദേവ് ബൈക്കില്‍ കൈലാസ യാത്ര ഇന്നലെ പൂര്‍ത്തിയാക്കി. മസ്തിഷ്‌ക ശസ്ത്രക്രിയകള്‍ക്കു വിധേയനായി 18 മാസങ്ങള്‍ക്കു ശേഷമാണ് യാത്രതുടങ്ങിയത്. തിരിച്ചെത്തിയ സദ്ഗുരുവിന് ഇഷാ യോഗാ കേന്ദ്രത്തില്‍ ഊഷ്മള വരവേല്‍പ്പു നല്‍കി. ആഗസ്ത് 9 ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ നിന്നാണ് യാത്ര ആരംഭിച്ചത്.
നേപ്പാള്‍, കാഠ്മണ്ഡു, തുലിഖേല്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് മാനസരോവര്‍ തടാകത്തില്‍ ട്രക്കിങ്ങ് നടത്തി. പിന്നീട് കൈലാസ പര്‍വതം കാണാന്‍ തുടര്‍ന്നും ട്രക്കിങ്ങ് നടത്തുകയായിരുന്നു. യോഗ, ശ്രദ്ധ, ആത്മീയ ശക്തി എന്നിവയാണ് തന്റെ വിജയമെന്നും അദ്ദേഹം സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. ശാരീരികമായും മാനസികമായും തയാറാക്കുന്നതില്‍ യോഗ നിര്‍ണായക പങ്കു വഹിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ബൈക്കില്‍ കൈലാസ പര്‍വതത്തില്‍ എത്തുന്ന ഭാരതത്തില്‍ നിന്നുള്ള ആദ്യ സംഘത്തോടൊപ്പമാണ് യാത്ര ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
















