ന്യൂദല്‍ഹി: പ്രതിരോധ മേഖല ശക്തമാക്കാന്‍ രണ്ട് തേജസ് മാര്‍ക്ക് -1 എ യുദ്ധവിമാനങ്ങള്‍ കൂടി വ്യോമസേനയുടെ ഭാഗമാകുന്നു. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) നിര്‍മിച്ച യുദ്ധവിമാനം സപ്തംബറില്‍ വ്യോമസേനയ്‌ക്ക് കൈമാറുമെന്ന് പ്രതിരോധ സെക്രട്ടറി ആര്‍.കെ. സിങ് അറിയിച്ചു. 97 തേജസ് ജെറ്റുകള്‍ വാങ്ങുന്നതിനായി എച്ച്എഎലുമായി പുതിയ കരാറില്‍ ഒപ്പുവെക്കുമെന്നും പ്രതിരോധ സെക്രട്ടറി പറഞ്ഞു.
നിലവില്‍ 38 തേജസ് ജെറ്റുകള്‍ സൈന്യം ഉപയോഗിക്കുന്നുണ്ട്, 80 എണ്ണം നിര്‍മാണത്തിലാണ്. 2021-ല്‍ 83 തേജസ് എംകെ-1എ ജെറ്റുകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ 48,000 കോടി രൂപയുടെ കരാറില്‍ ഒപ്പുവച്ചിരുന്നു. 67,000 കോടി രൂപ വിലമതിക്കുന്ന 97 തേജസ് യുദ്ധവിമാനങ്ങള്‍ കൂടി വാങ്ങാന്‍ കേന്ദ്രം കഴിഞ്ഞാഴ്ച അംഗീകാരം നല്‍കി. മുന്‍ കരാര്‍ പ്രകാരമുള്ള രണ്ട് തേജസ് യുദ്ധ വിമാനങ്ങള്‍ കൈമാറിയ ശേഷമായിരിക്കും എച്ച്എഎലുമായി പുതിയ കരാറില്‍ ഏര്‍പ്പെടുകയുള്ളൂവെന്ന് ആര്‍.കെ. സിങ് കൂട്ടിച്ചേര്‍ത്തു.
വ്യോമസേനയില്‍ അവസാന പറക്കലിനൊരുങ്ങുന്ന മിഗ് 21 യുദ്ധവിമാനങ്ങള്‍ക്ക് പകരമായി രൂപകല്‍പ്പന ചെയ്തതാണ് തേജസ് മാര്‍ക്ക്-1എ.















