ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടന്ന മഹാകുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായ പെൺകുട്ടിയാണ് ‘മൊണാലിസ’ എന്നറിയപ്പെടുന്ന മോണി ബോസ്ലെ. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നെത്തിയ താരം ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. കുംഭമേളയില്‍ രുദ്രാക്ഷമാലകള്‍ വില്‍ക്കാനെത്തിയ താരം ഇനി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്ന വാര്‍ത്തയാണ് ചര്‍ച്ചയായിരിക്കുന്നത്.
ഒടുവില്‍ വൈറൽ താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. പി.കെ. ബിനു വർഗീസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലൂടെയാണ് മൊണാലിസ മലയാളത്തിലേയ്ക്ക് എത്തുന്നത്. കൈലാഷ് ആണ് ചിത്രത്തിലെ നായകൻ. നാഗമ്മ എന്നു പേരിട്ടിരിക്കുന്ന ചിത്രം ജീലി ജോര്‍ജ് നിർമിക്കുന്നു. ശങ്കർ നായകനായ ഹിമുക്രി എന്ന ചിത്രത്തിനുശേഷം ബിനു വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഈ വർഷം സെപ്റ്റംബർ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.
താരത്തിന്റെ ഒടുവില്‍ വന്ന വാര്‍ത്ത ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചതിനെക്കുറിച്ചായിരുന്നു. സനോജ് മിശ്ര സംവിധാനം ചെയ്യുന്ന ‘ദി ഡയറി ഓഫ് മണിപ്പൂര്‍’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.
മൊണാലിസയുടെ ആദ്യ മ്യൂസിക് വീഡിയോ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇതിൽ നടൻ ഉത്കർഷ് സിങ്ങും അഭിനയിച്ചിരുന്നു. പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി. മ്യൂസിക് വീഡിയോ ഹിറ്റായതോടെ ബ്രാൻഡ് പ്രമോഷനുകളും ചെയ്യാൻ ആരംഭിച്ച താരം ഇപ്പോൾ നിരവധി ബ്രാൻഡുകൾക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ഓരോ പരസ്യത്തിനും ലക്ഷങ്ങളാണ് താരം പ്രതിഫലമായി വാങ്ങുന്നതെന്നാണ് വിവരം.
കൂടാതെ, പല ഒടിടി പ്ലാറ്റ്ഫോമുകൾ വെബ് സീരീസുകൾക്കായി താരത്തെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. സോഷ്യൽ മീഡിയയിലും സജീവമാണ് മോണി ബോസ്ലെ. താരം പതിവായി ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകളും വീഡിയോകളും പങ്കുവയ്‌ക്കാറുണ്ട്. ദിനംപ്രതി താരത്തിന് ആരാധകർ വർധിച്ചുവരികയാണ്. അടുത്തിടെ തന്റെ വരുമാനത്തെ കുറിച്ചുള്ള ചോദ്യത്തിന് മൊണാലിസ തന്നെ മറുപടി നൽകിയിരുന്നു. ദൈവത്തിന്റെ കൃപ കൊണ്ട് തനിക്ക് കുറച്ച് പണം ലഭിക്കുന്നുണ്ടെന്നും, എന്നാൽ പലരും പറയുന്നത് പോലെ കോടികളൊന്നും സമ്പാദിക്കുന്നില്ലെന്നും ആയിരുന്നു മൊണാലിസയുടെ മറുപടി.
















