മട്ടാഞ്ചേരി: കൊച്ചി കപ്പല്‍ശാല കപ്പല്‍ നിര്‍മാണ മേഖലയില്‍ പുതുചരിത്രം കുറിക്കുന്നു. സൈപ്രസ് ആസ്ഥാനമായുള്ള പൈലാജിക് വിന്‍ഡ് സര്‍വീസ് എന്ന കമ്പനിക്കായി മെഥനോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് കപ്പല്‍ നിര്‍മാണമാണ് കപ്പല്‍ശാലയില്‍ ആരംഭിച്ചിരിക്കുന്നത്.
പൈലാജിക് വഹൂ എന്ന കപ്പലിന്റെ നിര്‍മാണമാണ് കമ്മീഷനിങ് സര്‍വീസ് ഓപ്പറേഷന്‍ വെസല്‍ വിഭാഗത്തില്‍ തുടങ്ങിയത്. പരിസ്ഥിതി സൗഹൃദമായ പുതുതലമുറ ശ്രേണിയില്‍ മെഥനോള്‍ ഇന്ധനം ഉപയോഗിച്ചുള്ള ഹൈബ്രിഡ് കപ്പല്‍ നിര്‍മാണം കൊച്ചി കപ്പല്‍ശാലയ്‌ക്ക് അന്താരാഷ്‌ട്ര പ്രശസ്തിയും സാമ്പത്തിക കുതിപ്പും കാര്യക്ഷമതാ നേട്ടത്തിനും ഇടയാക്കുമെന്നാണ് പ്രതീക്ഷ.
വിന്‍ഡ് സര്‍വീസ് സിഇഒ ആന്‍ഡ്രേ ഗ്രോനെവല്‍ കപ്പല്‍ നിര്‍മാണത്തിന് കീലിട്ടു. 93 മീറ്റര്‍ നീളവും, 19.6 മീറ്റര്‍ വീതിയുമുള്ള കപ്പലില്‍ സാങ്കേതിക തൊഴിലാളികളടക്കം 120 പേരെ ഉള്‍ക്കൊള്ളാനാകും. സുരക്ഷ, പ്രവര്‍ത്തനക്ഷമത, കടല്‍ സംരക്ഷണം തുടങ്ങി വിവിധതലങ്ങളില്‍ നേട്ടങ്ങളുള്ളതാണ് കപ്പല്‍. മെഥനോളിനൊപ്പം അവശ്യഘട്ടങ്ങളില്‍ ബാറ്ററിയിലും കപ്പല്‍ പ്രവര്‍ത്തിക്കും. ബ്രീട്ടിഷ് കമ്പനിയും കൊച്ചി കപ്പല്‍ശാലയുമായി ചേര്‍ന്നാണ് ഹൈബ്രിഡ് കപ്പല്‍ നിര്‍മിക്കുന്നത്. മാരിടൈം മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വികസന കുതിപ്പാണ് കൊച്ചി കപ്പല്‍ശാലയില്‍ പ്രകടമാകുന്നത്.
















