തിരുവനന്തപുരം: കേര പദ്ധതി വാര്‍ത്ത ചോര്‍ത്തല്‍ വിവാദത്തിന് പിന്നാലെ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ബി അശോകിന് മാറ്റം. പകരം ചുമതല ലഭിച്ച ടിങ്കു ബിസ്വാള്‍ സ്ഥാനമേറ്റു.
ശനിയാഴ്ചയാണ് ബി അശോകിനെ മാറ്റി കൊണ്ട് ഉത്തരവിറക്കിയത്. കെടിഡിഎഫ്‌സി സി.എം.ഡിയായാണ് അശോകിന്റെ പുതിയ നിയമനം.
കേര പദ്ധതി വിവാദവുമായി ബന്ധപ്പെട്ട് ബി അശോകിന് ആയിരുന്നു അന്വേഷണ ചുമതല.മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യ പ്രകാരമായിരുന്നു വാര്‍ത്ത ചോര്‍ന്നതെങ്ങനെ എന്ന കാര്യത്തില്‍ അന്വേഷണം നടത്തിയത്. ലോകബാങ്ക് ഇമെയില്‍ ചോര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിരോധത്തിലാക്കുന്ന റിപ്പോര്‍ട്ടായിരുന്നു ബി അശോക് നല്‍കിയത്.
ബി അശോകിന് ഇപ്പോള്‍ നല്‍കിയ കെടിഡിഎഫ്‌സി ചെയര്‍മാന്‍ പദവി ഡെപ്യൂട്ടേഷന്‍ തസ്തികയാണ്. നേരത്തെ തദ്ദേശ ഭരണ പരിഷ്‌കരണ കമ്മീഷണര്‍ പദവി നല്‍കിയത് ബി അശോക് ചോദ്യം ചെയ്തപ്പോള്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ആ ഉത്തരവ് റദ്ദാക്കിയിരുന്നു
















