ബെംഗളൂരു: ധര്‍മസ്ഥല ക്ഷേത്രത്തിനെതിരായ ഗൂഢാലോചന കേസില്‍ വീണ്ടും ട്വിസ്റ്റ്. കേസില്‍ വ്യാജ തെളിവായി ഹാജരാക്കിയിരുന്ന തലയോട്ടി, ആക്ഷന്‍ കൗണ്‍സില്‍ നേതാവ് മഹേഷ് തിമരോടി തനിക്ക് നല്‍കിയതാണെന്ന് മുന്‍ശുചീകരണ തൊഴിലാളിയായ എന്‍. ചിന്നയ്യയുടെ മൊഴി. തിമരോടിയുടെ റബ്ബര്‍ തോട്ടത്തിലെ മണ്ണ് എസ്ഐടി പരിശോധിക്കും. കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ തിമരോടിയെ ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് അന്വേഷണസംഘം കടക്കുമെന്നാണ് വിവരം. ധര്‍മസ്ഥല ക്ഷേത്രത്തിനെതിരായുള്ള വെളിപ്പെടുത്തല്‍ നടത്തിയ ശേഷം ശുചീകരണ തൊഴിലാളി തിമരോടിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്.
ധര്‍മസ്ഥലയില്‍ താന്‍ നിരവധി സ്ത്രീകളുടെ ശവശരീരങ്ങള്‍ കുഴിച്ചിട്ടെന്ന് പറഞ്ഞുകൊണ്ട് തെളിവിനായി ശുചീകരണ തൊഴിലാളി ഹാജരാക്കിയ തലയോട്ടിയാണ് കേസില്‍ പുതിയ വഴിത്തിരിവുണ്ടാക്കിയിരിക്കുന്നത്. കുഴിച്ചു മൂടിയ സ്ത്രീയുടെ മൃതദേഹത്തിന്റേത് എന്ന തരത്തിലാണ് ബെല്‍ത്തങ്ങാടി കോടതിയില്‍ തലയോട്ടി ഉള്‍പ്പെടെയുള്ള അസ്ഥിഭാഗങ്ങള്‍ ഹാജരാക്കിയത്. യുവതിയുടേതെന്ന് പറഞ്ഞ് ചിന്നയ്യ കൊണ്ടുവന്ന തലയോട്ടി പുരുഷന്റെതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
അതേസമയം ധര്‍മസ്ഥല ഗൂഢാലോചന കേസില്‍ പ്രതിയായ മുന്‍ ശുചീകരണ തൊഴിലാളി സി.എന്‍. ചിന്നയ്യക്കെതിരെ പത്ത് വകുപ്പുകള്‍ കൂടി ചുമത്തി. ഭാരതീയ ന്യായ സംഹിത പ്രകാരം കള്ള സാക്ഷി പറയല്‍, വ്യാജ രേഖ ചമയ്‌ക്കല്‍, തെളിവുകള്‍ കെട്ടിച്ചമയ്‌ക്കല്‍ എന്നിവയുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ചിന്നയ്യ ബെല്‍ത്തങ്ങാടി കോടതിയില്‍ സമര്‍പ്പിച്ച തലയോട്ടിയുമായി ബന്ധപ്പെട്ടാണ് പുതിയ വകുപ്പുകള്‍ ചേര്‍ത്തിരിക്കുന്നതെന്നും നേരത്തെയുള്ള കേസിലെ എഫ്ഐആറില്‍ അവ ചേര്‍ത്തിട്ടുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
















