തൊടുപുഴ: കള്ളക്കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി വിനോദസഞ്ചാരികളില്‍ നിന്ന് 90000രൂപ കൈക്കൂലി വാങ്ങിയ രണ്ടു എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മറയൂര്‍ എക്‌സൈസ് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കിഷോര്‍കുമാര്‍, സിഇഒ അരുണ്‍ ടി നായര്‍ എന്നിവരെയാണ് സസ്‌പെന്‍ഡു ചെയ്തത്. കൊല്ലം പരവൂരില്‍ നിന്ന് മറയൂര്‍ സന്ദര്‍ശിക്കാനെത്തിയ യുവാക്കളെ തടഞ്ഞ് കഞ്ചാവ് ബീഡി കണ്ടെത്തിയെന്നും കേസെടുക്കുമെന്നും ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങുകയായിരുന്നു. കേസെടുക്കാതിരിക്കാന്‍ ഒരു ലക്ഷം രൂപയാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. കള്ളക്കേസില്‍ കുടുക്കുമെന്ന് ഉറപ്പായതോടെ സംഘം തുക നല്‍കാന്‍ തയ്യാറായി. മറയൂരിലെ എക്‌സൈസ് സ്റ്റേഷനിലെത്തി 90000രൂപ കൈമാറി. ഇതിനിടെ ഒപ്പമുണ്ടായിരുന്നതില്‍ ഒരാള്‍ ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇതു തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥന്‍ ഫോണ്‍ പിടിച്ചുവാങ്ങി. ഫോണ്‍ കൈക്കലാക്കിയ ബലത്തില്‍ ഉദ്യോഗസ്ഥര്‍ യുവാക്കളെ അന്ന് വിട്ടയ്‌ക്കുകയായിരുന്നു. നാട്ടിലെത്തിയ സംഘം വിജിലന്‍സിന് പരാതി നല്‍കി. ഇതേത്തുടര്‍ന്ന് വിജിലന്‍സ് സംഘം എക്‌സൈസ് ഓഫീസില്‍ എത്തി പരിശോധന നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. എങ്കിലും യുവാക്കളുടെ ആരോപണം ശരിയെന്ന് ബോധ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍ ഉത്തരവായത്.
















