പാരീസ്: കൊളോണിയല്‍ ഭരണകാലത്ത് ഫ്രഞ്ച് സൈന്യം തലയറുത്ത് കൊന്ന മഡഗാസ്‌കര്‍ രാജാവിന്റേതെന്ന് കരുതുന്ന തലയോട്ടി തിരിച്ചുനല്‍കി. 19ാം നൂറ്റാണ്ടിലെ യുദ്ധത്തില്‍ കൊല്ലപ്പെട്ട മഡഗാസ്‌കര്‍ രാജാവ് ടോറയുടെ തലയോട്ടിയാണ് തിരിച്ചേല്‍പിച്ചത്. ഒപ്പം സകലവ ഗോത്രവര്‍ഗത്തില്‍പ്പെട്ട രണ്ടുപേരുടെ തലയോട്ടികളും ഫ്രാന്‍സ് കൈമാറി.
1897ല്‍ ഫ്രഞ്ച് സൈന്യം മഡഗാസ്‌കര്‍ നിവാസികളെ കൂട്ടക്കൊല ചെയ്ത് രാജാവായിരുന്ന ടോറയുടെ തല വെട്ടിയെടുത്തു. ശേഷമിത് ഫ്രാന്‍സിലേക്ക് കൊണ്ടുവന്ന് പാരീസിലെ ദേശീയ ചരിത്ര മ്യൂസിയത്തില്‍ സ്ഥാപിക്കുകയായിരുന്നു. പാരീസിലെ മ്യൂസി ഡി ലോമിലെ മ്യൂസിയത്തില്‍ പ്രദര്‍ശനവസ്തുക്കളിലെ ഭൂരിഭാഗവും വിവിധ രാജ്യങ്ങളില്‍ നിന്നും ശേഖരിച്ച തലയോട്ടികളും അസ്ഥികൂടങ്ങളുമാണ്. ഫ്രഞ്ച് സാംസ്‌കാരിക മന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി റാഷിദ ദാത്തി മഡഗാസ്‌കര്‍ പ്രതിനിധിയായ വൊളമിറാന്റി ഡോണ മാരയ്‌ക്കാണ് തലയോട്ടികള്‍ അടങ്ങിയ പെട്ടികള്‍ കൈമാറിയത്.
128 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തലയോട്ടികള്‍ സ്വന്തം രാജ്യത്തേയ്‌ക്ക് മടക്കി കൊണ്ടുവരാനാകുന്നത്. ഇതുവരെ ഞങ്ങളുടെ ദ്വീപിന്റെ ഹൃദയത്തിലെ ഉണങ്ങാത്ത മുറിവായിരുന്നു. അവ ശേഖരിച്ചുവെക്കാനുള്ള വസ്തുക്കളല്ല, ഭൂതകാലത്തിലെ മായ്‌ക്കാനാവാത്ത കണ്ണിയാണിതെന്നും ഡോണ മാര പറഞ്ഞു. അതേസമയം തലയോട്ടികളിലെ രണ്ടെണ്ണം സകലവ ഗോത്രത്തില്‍പ്പെട്ടവരുടേതാണെന്ന് സംയുക്ത ശാസ്ത്രീയ സമിതി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റേത് ടോറ രാജാവിന്റേതാണെന്ന് അനുമാനിക്കാന്‍ മാത്രമേ കഴിയൂ എന്നും ദാത്തി അറിയിച്ചു. തലയോട്ടികള്‍ ഞായറാഴ്ച മഡഗാസ്‌കറിലേക്ക് തിരികെയെത്തിക്കും. ശേഷം അവിടെ സംസ്‌കരിക്കാനാണ് തീരുമാനം.
രാജ്യത്തെ മ്യൂസിയങ്ങളില്‍ സൂക്ഷിക്കുന്ന മനുഷ്യാവശിഷ്ടങ്ങള്‍ തിരികെ നല്‍കുമെന്ന് 2023ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ ഭാഗമായാണിപ്പോള്‍ തലയോട്ടികള്‍ കൈമാറിയത്. ഇത് കൂടാതെ ഓസ്ട്രേലിയ, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളും പൂര്‍വികരുടെ അവശിഷ്ടങ്ങള്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഫ്രാന്‍സിന് അപേക്ഷ നല്‍കിയിട്ടുണ്ട്.
















