ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിവാഹമോചിതരായ പെണ്‍മക്കള്‍ക്ക് ഇനി മുതല്‍ കുടുംബ പെന്‍ഷന് അര്‍ഹതയുണ്ടാകും. മാതാപിതാക്കളുടെ ജീവിതകാലത്ത് തന്നെ വിവാഹമോചനം നേടിയവര്‍ക്കും, വിവാഹമോചനത്തിനുള്ള കോടതി നടപടികള്‍ ആരംഭിച്ചവര്‍ക്കും ഈ പുതിയ നിയമം വഴി ആനുകൂല്യം ലഭിക്കും. വിവാഹമോചിതയായ മകൾക്ക് കുടുംബ പെൻഷൻ ലഭിക്കുമോ എന്ന വിഷയത്തിലെ ആശയക്കുഴപ്പങ്ങൾക്കാണ് ഇതോടെ വ്യക്തതയായത്.
ഈ വിഷയത്തിൽ പാർലമെന്റിൽ ഉയർന്ന ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രസർക്കാർ പുതിയ നിയമത്തെക്കുറിച്ച് വിശദീകരിച്ചത്. സെൻട്രൽ സിവിൽ സർവീസസ് (പെൻഷൻ) ചട്ടങ്ങൾ, 2021, ഒക്ടോബർ 26, 2022-ലെ ഓഫീസ് മെമ്മോറാണ്ടം എന്നിവയിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. റെയിൽവേ, പ്രതിരോധ സേനാ ജീവനക്കാർക്കും പെൻഷൻകാർക്കും ഈ നിയമം ബാധകമാണ്.
ഒരു സര്‍ക്കാര്‍ ജീവനക്കാരനോ പെന്‍ഷന്‍കാരനോ മരിക്കുമ്പോള്‍, ആശ്രിതരായ പങ്കാളിയോ, മകനോ, മറ്റ് അര്‍ഹരായ മകളോ ഇല്ലാത്ത സാഹചര്യത്തിലോ, അവര്‍ക്ക് പെന്‍ഷന്‍ ലഭിക്കാനുള്ള യോഗ്യതകള്‍ (ഉദാഹരണത്തിന്, 25 വയസ്സ് പൂര്‍ത്തിയാവുകയോ സ്വന്തമായി വരുമാനം നേടുകയോ ചെയ്യുന്ന അവസ്ഥയില്‍) ഇല്ലാത്തപ്പോഴോ ആണ് ഈ നിയമം പ്രയോജനപ്പെടുന്നത്. ഈ സാഹചര്യങ്ങളില്‍, അവിവാഹിതയായ, വിധവയായ, അല്ലെങ്കില്‍ വിവാഹമോചിതയായ മകള്‍ക്ക് 25 വയസ്സിന് ശേഷവും ജീവിതകാലം മുഴുവന്‍ പെന്‍ഷന് അര്‍ഹതയുണ്ടാകും.
പെന്‍ഷന്‍ ലഭിക്കുന്നതിന് ചില വ്യവസ്ഥകളുണ്ട്:
* മകള്‍ മാതാപിതാക്കളെ ആശ്രയിച്ചായിരിക്കണം ജീവിക്കുന്നത്.
* മകള്‍ വിധവയാണെങ്കില്‍, ഭര്‍ത്താവ് മാതാപിതാക്കളുടെ ജീവിതകാലത്ത് തന്നെ മരിച്ചിരിക്കണം.
* മകള്‍ വിവാഹമോചിതയാണെങ്കില്‍, വിവാഹമോചനം മാതാപിതാക്കളുടെ ജീവിതകാലത്ത് നടന്നിരിക്കണം. അല്ലെങ്കില്‍, വിവാഹമോചനത്തിനായുള്ള കോടതി നടപടികള്‍ അവരുടെ ജീവിതകാലത്ത് ആരംഭിച്ചിരിക്കണം.
* മകള്‍ വീണ്ടും വിവാഹം കഴിക്കുകയോ സ്വന്തമായി വരുമാനം നേടാന്‍ തുടങ്ങുകയോ ചെയ്താല്‍ പെന്‍ഷന്‍ ലഭിക്കില്ല.
* റെയില്‍വേ, പ്രതിരോധ ജീവനക്കാര്‍ക്കും ബാധകം. ഈ നിയമം കേന്ദ്ര സിവില്‍ സര്‍വീസ് ജീവനക്കാര്‍ക്ക് മാത്രമല്ല, റെയില്‍വേ, പ്രതിരോധ സേനാ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരുപോലെ ബാധകമാണ്.
















