തൃശൂര്‍: കൊടുങ്ങല്ലൂരില്‍ യുവാവിന്റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണ ഏലസും മൊബൈല്‍ ഫോണും പിടിച്ചു പറിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. മാള വലിയപറമ്പ് സ്വദേശി പോട്ടക്കാരന്‍ വീട്ടില്‍ അജയ് (19), രോഹിത്ത് (18) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഹോദരങ്ങളാണ്.
മാളയില്‍ നിന്നാണ് തൃശൂര്‍ റൂറല്‍ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയായാണ് കേസിനാധാരമായ സംഭവം. ഉഴുവത്തുംകടവ് സ്വദേശി പൈനാടത്ത്കാട്ടില്‍ വീട്ടില്‍ അനന്തുവിന്റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ കഴുത്തിലുണ്ടായിരുന്ന ഒരു ഗ്രാം തൂക്കം വരുന്ന സ്വര്‍ണ ഏലസും മൊബൈല്‍ ഫോണും കവര്‍ന്നത്.
















