മൈസൂര്‍: കര്‍ണാടക സ്വദേശിയായ ദര്‍ശിതയെ വായില്‍ സ്‌ഫോടക വസ്തു തിരുകി കൊലപ്പെടുത്താന്‍ സിദ്ധരാജുവിനെ പ്രേരിപ്പിച്ചത് ബന്ധം ഉപേക്ഷിക്കാനുളള നീക്കവും കടം കൊടുത്ത പണം തിരികെ ചോദിച്ചതുമെന്ന് കര്‍ണ്ണാടക പൊലീസിന്‌റെ നിഗമനം. ദുബായില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിയായ ഭര്‍ത്താവ് സുബാഷിന്‌റെ അടുത്തേയ്‌ക്കു പോകാന്‍ ദര്‍ശിത തീരുമാനിച്ചിരുന്നുവെന്നാണ് വിവരം. കുറച്ചുനാളായി കാമുകനുമായുള്ള ബന്ധം വഷളായിരുന്നു. കടം കൊടുത്ത 80,000 രൂപ ദര്‍ശിത തിരികെ ചോദിക്കുകയും ചെയ്തു. ഇതാണ് കൊലപാതകത്തിന് സിദ്ധരാജുവിനെ പ്രേരിപ്പിച്ചത്. അകന്ന ബന്ധുവും ഹാര്‍ഡ്വെയര്‍ ഷോപ്പ് നടത്തിപ്പുകാരനുമായ സിദ്ധരാജുവുമായി ഏഴ് വര്‍ഷമായി ദര്‍ശിത വിവാഹേതര ബന്ധത്തിലായിരുന്നു.
ആഗസ്റ്റ് 23 ന് സാലിഗ്രാമത്തിലെ ലോഡ്ജില്‍ ദര്‍ശിതക്കൊപ്പം തങ്ങിയ സിദ്ധരാജു ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ദര്‍ശിതയ്‌ക്ക് പരിക്കേറ്റുവെന്ന് ലോഡ്ജ് ജീവനക്കാരെ അറിയിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍
സ്‌ഫോടകവസ്തു വായില്‍ തിരുകി പൊട്ടിക്കുകയായിരുന്നെന്ന് സിദ്ധരാജു സമ്മതിച്ചു. ക്വാറി സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ പരിചയമുള്ളയാളാണ് സിദ്ധരാജു.
















