ന്യൂദല്‍ഹി : വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഒരു ലക്ഷം രൂപയുടെ ബോണ്ട് വേണമെന്ന ദല്‍ഹി സര്‍വകലാശാല എബിവിപി പ്രതിഷേധിച്ചു. സര്‍വകലാശാല ഭരണകൂടത്തിനെതിരെ ഹിന്ദു കോളജ്, രാംജാസ് കോളജ്, കിരോരി മാല്‍ കോളജ്, മിറാന്‍ഡ ഹൗസ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ആര്‍ട്‌സ് ഫാക്കല്‍റ്റിയില്‍ സംഘടിച്ച് പ്രതിഷേധ പ്രകടനം നടത്തി. സര്‍വകലാശാല കൊണ്ടുവന്ന പുതിയ വ്യവസ്ഥ ഉപേക്ഷിക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു.
ജനാധിപത്യ പ്രക്രിയയിലെ ആദ്യത്തേതും പ്രധാനവുമായ ഘട്ടമാണ് വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പുകള്‍. ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഒരു സ്ഥാനാര്‍ത്ഥിക്ക് ഒരു ലക്ഷം രൂപയുടെ ബോണ്ട് നല്‍കണമെന്ന ന്യായരഹിതമായ വ്യവസ്ഥ വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കുന്നതാണ്. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍വകലാശാലാ തെരഞ്ഞെടുപ്പുകള്‍ക്ക് നിര്‍ണായക പങ്കുണ്ട്.
അതിനാല്‍ ബോണ്ട് വേണമെന്ന ദല്‍ഹി സര്‍വകലാശാലയുടെ ഏകപക്ഷീയമായ തീരുമാനം പിന്‍വലിക്കണം. വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ ഒരു സ്ഥാനാര്‍ത്ഥിയുടെ ചെലവ് 5,000 രൂപയില്‍ കൂടരുതെന്ന ലിങ്ദോ കമ്മിറ്റി മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണിതെന്നും എബിവിപി സംസ്ഥാന സെക്രട്ടറി സാര്‍ത്ഥക് ശര്‍മ്മ പറഞ്ഞു.
















