ന്യൂദല്‍ഹി: ഭാരതം സന്ദര്‍ശിക്കുന്ന ഫിജി പ്രധാനമന്ത്രി സിതിവേണി റബുക സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു. പ്രതിരോധം, ആരോഗ്യം, കൃഷി, കാര്‍ഷിക സംസ്‌കരണം, വ്യാപാരം, നിക്ഷേപം, ചെറുകിട, ഇടത്തരം സംരംഭ വികസനം, സഹകരണ സ്ഥാപനങ്ങള്‍, സംസ്‌കാരം, കായികം, വിദ്യാഭ്യാസം, നൈപുണ്യ വികസനം തുടങ്ങിയവുമായി ബന്ധപ്പെട്ട കരാറുകളിലാണ് ഒപ്പിട്ടത്. ഇതിന്റെ ഭാഗമായി ഇന്നലെ ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫിജി പ്രധാനമന്ത്രി ചര്‍ച്ച നടത്തി.
ഫിജി തലസ്ഥാനമായ സുവയില്‍ 100 കിടക്കകളുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഭാരതം നിര്‍മിച്ചുനല്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഫിജിയില്‍ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ സ്ഥാപിക്കും, ഡയാലിസിസ് യൂണിറ്റുകളും സീ ആംബുലന്‍സുകളും അയയ്‌ക്കും, ക്രിക്കറ്റിനായി ഭാരതത്തില്‍ നിന്നുള്ള പരിശീലകനെ അയയ്‌ക്കും, ഭാരതത്തില്‍ ഉത്പാദിപ്പിക്കുന്ന നെയ്യ് ഫിജിയില്‍ ലഭ്യമാക്കും. ഭാരതത്തില്‍ ഫിജിയില്‍ നിന്നുള്ള പണ്ഡിതര്‍ക്ക് ഭാരതത്തില്‍ പരിശീലനം ഉറപ്പാക്കും, ഫിജിയില്‍ ജയ്‌പൂര്‍ കൃത്രിമക്കാല്‍ വച്ചുപിടിപ്പിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും, മോദി പറഞ്ഞു.
സൈബര്‍ സുരക്ഷ, ഡാറ്റാ സംരക്ഷണ മേഖലകളിലെ അനുഭവം രണ്ടു രാജ്യങ്ങളും പങ്കിടും. ഭീകരതയ്‌ക്കെതിരായ സഹകരണം ശക്തമാക്കും. എല്ലാ രൂപത്തിലും വിധത്തിലുമുള്ള ഭീകരതയെ ഭാരതവും ഫിജിയും അപലപിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തെയും അപലപിച്ചു. പ്രതിരോധ, സുരക്ഷാ മേഖലകളില്‍ സഹകരണം ശക്തമാക്കും.
പ്രധാനമന്ത്രി പദവിയിലെത്തിയ ശേഷം ആദ്യമായാണ് റബുക ഭാരതം സന്ദര്‍ശിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയും ഫിജിയിലെ ആരോഗ്യ മന്ത്രിയുമായ അന്റോണിയോ ലാലബലാവുവും ഫിജി റിപ്പബ്ലിക് ഗവണ്‍മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘവും ഒപ്പമുണ്ട്.











