തിരുവനന്തപുരം: വെളിച്ചെണ്ണ ഇന്ന് പ്രത്യേക വില കുറവിൽ വാങ്ങാം. സപ്ലൈക്കോ സൂപ്പർ മാർക്കറ്റുകളിൽ ഇന്ന് (ഞായറാഴ്ച) കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കില്‍ ലഭിക്കും. പൊതു വിപണിയിൽ 529 രൂപയുള്ള വെളിച്ചെണ്ണയാണ് ഇന്ന് 445രൂപയ്‌ക്ക് ലഭിക്കുന്നത്. ഒരു ദിവസത്തേക്ക് മാത്രമുള്ള പ്രത്യേക വില കുറവാണിത്.
സപ്ലൈക്കോ ശബരി ബ്രാൻ്റ് വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ 359 രൂപക്കും ലഭിക്കുമെന്നാണ് വിവരം. ഓഗസ്റ്റ് മുതൽ ശബരി ബ്രാൻഡിലെ വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ 349 രൂപയ്‌ക്കും, സബ്സിഡി ഇതര നിരക്കിൽ 429 രൂപയ്‌ക്കും നൽകുന്നുണ്ട്. സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറയുന്നത് ആശ്വാസകരമാവുകയാണ്. നിലവിൽ വില നാന്നൂറിനടത്ത് എത്തിയിട്ടുണ്ട്.
അതേസമയം, വ്യാജൻമാരും വിപണികളിൽ വിലസുന്നുണ്ട്. ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടന്ന മിന്നൽ പരിശോധനകളിൽ 7 ജില്ലകളിൽ നിന്നായി ആകെ 16,565 ലിറ്റർ സംശയാസ്പദമായ വെളിച്ചെണ്ണയാണ് പിടികൂടിയത്. വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച പരാതികൾ വകുപ്പിന് ലഭിക്കുന്നുണ്ടായിരുന്നു, ഇതിന്റെ അടിസ്ഥാനത്തിലാണ് രഹസ്യ പരിശോധനകൾ നടത്തിയതെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.
















