ഇന്ത്യയുടെ ആദ്യ എഐ അധിഷ്ഠിത മീഡിയം ആള്‍ട്ടിറ്റ്യൂഡ് ലോങ് എന്‍ഡ്യുറന്‍സ് കോംബാറ്റ് ഡ്രോണ്‍ അവതരിപ്പിച്ച് ബെംഗളുരുവിലെ ഫ്‌ളൈയിങ് വെഡ്ജ് ഡിഫന്‍സ് ആന്റ് എയറോസ്‌പേസ് . ‘കാലഭൈരവ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഡ്രോണിന്റെ വിജയകരമായ പരീക്ഷണത്തിന്റെ വീഡിയോ ദൃശ്യം അവതരണ പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചു.
കാലഭൈരവ് ഡ്രോണിന്റെ 80 ശതമാനവും തദ്ദേശീയമായി നിര്‍മിച്ചതാണ്, പ്രധാന സാങ്കേതികവിദ്യകളെല്ലാം ഇന്ത്യയില്‍ തന്നെ വികസിപ്പിച്ചെടുത്തവയാണ്. കൂടാതെ, അറ്റകുറ്റപ്പണികള്‍ കുറഞ്ഞ ചെലവില്‍ ഇന്ത്യയില്‍ തന്നെ നിര്‍വഹിക്കാനാകും.
ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന നിലയില്‍ നിന്ന് ആയുധ കയറ്റുമതി രാജ്യമായി മാറാനുള്ള നിര്‍ണായക ചുവടുവയ്‌പാണ് കാലഭൈരവ് ഡ്രോണ്‍.
ഒരു ദക്ഷിണേഷ്യന്‍ രാജ്യത്ത് നിന്ന് 2.5 കോടി ഡോളറിന്റെ കയറ്റുമതി ഓര്‍ഡര്‍ ലഭിച്ചതായി കമ്പനി അറിയിച്ചു. അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യന്‍ നിര്‍മിത ഓട്ടോണമസ് വിമാനത്തിന്‍മേലുള്ള വിശ്വാസമാണ് ഇത് വ്യക്തമാക്കുന്നതെന്നും അത്യാധുനിക പ്രതിരോധ സംവിധാനങ്ങളുടെ വിശ്വസ്ഥരായ വിതരണക്കാരെന്ന നിലയില്‍ ഇന്ത്യ വളര്‍ന്നതിന്റെ തെളിവാണിതെന്നും കമ്പനി പറഞ്ഞു.
ദശാബ്ദങ്ങളായി ഇന്ത്യ, പ്രഡേറ്റര്‍, ഇസ്രയേലി സെര്‍ച്ചര്‍ തുടങ്ങിയ വിദേശ നിര്‍മിത ഡ്രോണ്‍ സംവിധാനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍, ഈ സംവിധാനങ്ങള്‍ക്ക് എംബഡഡ് കില്‍ സ്വിച്ചുകള്‍ വഴി ഏത് നിമിഷവും പ്രവര്‍ത്തനരഹിതമാക്കാനുള്ള സാധ്യത, വിമാനങ്ങളുടെ സഞ്ചാര വിവരങ്ങള്‍ ബാഹ്യ സെര്‍വറുകളിലൂടെ വഴിതിരിച്ചുവിടപ്പെടുന്നത് തുടങ്ങിയ പരിമിതികളും സുരക്ഷാ വെല്ലുവിളികളും നേരിടുന്നുണ്ട്.
പൂര്‍ണമായും ഇന്ത്യയില്‍ രൂപകല്‍പന ചെയ്ത് നിര്‍മിച്ച ഈ ഡ്രോണിന് കാലഭൈരവന്റെ പേരാണ് നല്‍കിയിരിക്കുന്നത്. ഔദ്യോഗികമായി ഇതിനെ എക്കോണമിക് ആന്റ് എഫിഷ്യന്റ് ഓട്ടോണമസ് എയര്‍ക്രാഫ്റ്റ് (E2A2) എന്നാണ് വിളിക്കുന്നത്. ഇലക്ട്രോ ഒപ്റ്റിക്കല്‍ സെന്‍സറുകളും ഗൈഡഡ് റോക്കറ്റുകളും ഇന്ധനവും ഉള്‍പ്പടെ 91 കിലോഗ്രാം ഭാരം താങ്ങാന്‍ ശേഷിയുണ്ടിതിന്.
കാലഭൈരവിന് ലാന്‍ഡ് ചെയ്യാതെ തുടര്‍ച്ചയായി 30 മണിക്കൂര്‍ പറക്കാനാവും. ഉപഗ്രഹ ആശയവിനിമയ സംവിധാനങ്ങളുടെ പിന്തുണയില്‍ 3000 കിമീ പരിധിയില്‍ ഡ്രോണുകള്‍ നിയന്ത്രിക്കാനും പ്രവര്‍ത്തിപ്പിക്കാനും സാധിക്കും . 20000 അടി ഉയരത്തില്‍ പറക്കാന്‍ ശേഷിയുണ്ട് . സെക്കൻഡിൽ 42 മീറ്റര്‍ മുതല്‍ 52 മീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാവും. അതായത് മണിക്കൂറില്‍ 150 കിമീ മുതല്‍ 185 കിമീ വരെ വേഗമുണ്ടാവും. ചെറിയ റണ്‍വേകളില്‍ ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും സാധിക്കും. വലിയ എയര്‍സ്ട്രിപ്പുകളുടെ ആവശ്യമില്ല.
അഡാപ്റ്റീവ് ട്രാക്കിങ്, ആക്രമണങ്ങള്‍ക്ക് തത്സമയം തീരുമാനമെടുക്കാനുള്ള ശേഷി എന്നിവയ്‌ക്കെല്ലാം ആര്‍ട്ടിഫിഷ്യൽ ഇന്റലിജന്‍സ് സാങ്കേതികതയാണ് ഉപയോഗിച്ചിരിക്കുന്നത്.
യുഎസ് നിര്‍മിതമായ ഒരു പ്രഡേറ്റര്‍ എംക്യു-9 റീപ്പര്‍ ഡ്രോണ്‍ നിര്‍മിക്കാനുള്ള ചെലവില്‍ പത്ത് കാല ഭൈരവന്മാരെ നിര്‍മിക്കാന്‍ ഇന്ത്യയ്‌ക്കാവും. ഒരു പ്രഡേറ്റര്‍ വാങ്ങാന്‍ ഇന്ത്യയ്‌ക്ക് 1000 കോടി രൂപയോളം ചെലവുണ്ട്. എന്നാല്‍ ഇതേ വിലയ്‌ക്ക് കാലഭൈരവന്മാരുടെ ഒരു നിരതന്നെ ഒരുക്കാന്‍ ഇന്ത്യയ്‌ക്കാവും.











