മുംബൈ: അനിൽ അംബാനിയുടെ മുംബൈയിലെ വസതിയിൽ സിബിഐ റെയ്ഡ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്ക് 2,000 കോടിയിലധികം രൂപയുടെ നഷ്ടം വരുത്തിയ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നടപടി. ആഗസ്ത് 23 ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സിബിഐ ഉദ്യോഗസ്ഥർ അനിൽ അംബാനിയുടെ കഫെ പരേഡിലെ സീവിൻഡിലുള്ള വസതിയിൽ എത്തിയത്. ആഗസ്ത് 5ന് 10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തതിന് പിന്നാലെയാണ് സിബിഐ റെയ്ഡ്.
റിലയന്‍സ് ഹോം ഫിനാന്‍സ് (ആര്‍എച്ച് എഫ് എല്‍), റിലയന്‍സ് കമേഴ്സ്യല്‍ ഫിനാന്‍സ് (ആര്‍ സി എഫ്) എന്നിവ ഉള്‍പ്പെടെയുള്ള കമ്പനികളുടെ പേരില്‍ എടുത്ത വായ്‌പാത്തട്ടിപ്പുകളുടെ ഭാഗമായിട്ടായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യല്‍ നടന്നത്. ആർകോമിന് (RELIANCE COMMUNICATIONS) എസ്‌ബിഐ നൽകിയ ബാധ്യതയിൽ 2016 ഓഗസ്റ്റ് മുതൽ പലിശയും ചാർജുകളും ഉൾപ്പെടെ ₹2,227.64 കോടിയുടെ ഫണ്ട് അധിഷ്ഠിത കുടിശ്ശികയും ₹786.52 കോടിയുടെ ഫണ്ട് അധിഷ്ഠിതമല്ലാത്ത ബാങ്ക് ഗ്യാരണ്ടിയുമാണ് ഉൾപ്പെടുന്നത്. ഇൻസോൾവൻസി ആൻഡ് ബാങ്ക്രപ്റ്റസി കോഡ് (ഐബിസി) പ്രകാരം എസ്‌ബിഐ ആർകോമിനെയും അനിൽ അംബാനിയെയും വഞ്ചകരുടെ (ഫ്രോഡ്) പട്ടികയിൽ ഉൾപ്പെടുത്തുകയും ജൂൺ 24 ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്ക് റിപ്പോർട്ട് അയയ്‌ക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി 2021 ജനുവരിയിൽ സിബിഐയിൽ ബാങ്ക് പരാതി നൽകുകയുമായിരുന്നു.
ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഒരു ബാങ്ക് അക്കൗണ്ടിനെ ഫ്രോഡ് പട്ടികയിൽ ഉള്‍പ്പെടുത്തിക്കഴിഞ്ഞാൽ 21 ദിവസത്തിനുള്ളിൽ ആർബിഐയെ അറിയിക്കുകയും കേസ് സിബിഐയിലോ പൊലീസിലോ റിപ്പോർട്ട് ചെയ്യുകയും വേണം.
















