തിരുവനന്തപുരം:ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് ഷോയ്‌ക്കെതിരെ പ്രേക്ഷകരുടെ പരാതി വര്‍ധിക്കുന്നു. ഷോയില്‍ ഏതാനും എപിസോഡുകള്‍ കഴിഞ്ഞപ്പോള്‍ തെറിവിളികളാണ് ഉയരുന്നത്.മത്സരാര്‍ത്ഥികള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അഭിമാനം കൊള്ളുന്നതുപോലെയാണ് കാണപ്പെടുന്നത്.
ടീനേജ് ഗ്രൂപ്പിനെ ആകര്‍ഷിക്കാനാണ് ഇത്രയ്‌ക്ക് സംസ്കാരശൂന്യമായ ടോക്സിക് ഭാഷാപ്രയോഗങ്ങള്‍ ഈ ഷോയില്‍ കൊണ്ടുവരുന്നതെന്ന് വാദിക്കുന്നവരുണ്ട്. പക്ഷെ ടീനേജ് ഗ്രൂപ്പിനെ മികച്ച സംസ്കാരത്തിലേക്കും മാതൃകാപെരുമാറ്റരീതികളിലേക്കും ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് പകരം അവരെ ഒരു ടോക്സിക് കള്‍ച്ചറിലേക്ക് വലിച്ചെറിയാനാണ് ബിഗ് ബോസ് ഷോ ശ്രമിക്കുന്നത്.
മത്സരാര്‍ത്ഥികള്‍ അന്യോന്യം തള്ളയ്‌ക്ക് വിളിക്കലും തന്തയ്‌ക്ക് വിളിക്കലുമാണ്. നീ പോടാ, നീ പോടീ…പോയി പണിനോക്കെടാ….തുടങ്ങിയ വാഗ്വാദങ്ങളാണ് ആണും പെണ്ണും തമ്മില്‍ നടക്കുന്നത്. ഇത്തരമൊരു ഷോ അവതരിപ്പിക്കുന്ന നടന്‍ മോഹന്‍ലാലിനെയും പലരും വിമര്‍ശിക്കുന്നു. ഇതിന് മുന്‍പുള്ള ബിഗ് ബോസ് ഷോകള്‍ കുറെക്കൂടി നിലവാരം പുലര്‍ത്തിയിരുന്നവയും മത്സാര്‍ത്ഥികളുടെ ബൗദ്ധികനിലവാരവും പ്രായോഗികതയും സാഹസികതയും പരീക്ഷിച്ചിരുന്നവയുമാണ്. സദാചാരരാഹിത്യം ഉടനീളം നിഴലിക്കുന്നതിനാല്‍ കുടുംബമായി കാണാന്‍ പറ്റാത്ത ഒരു ഷോ ആയി ഇത് മാറുകയാണ്. മികച്ച നിലവാരമുള്ള മത്സരാര്‍ത്ഥികളെ ലഭിക്കാത്തതോ അതോ അവരെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിലെ പോരായ്‌മയോ- എന്തോ ഒന്ന് ബിഗ് ബോസ് 7 പതിപ്പിനെ അനാകര്‍ഷകമാക്കുന്നുണ്ടെന്നും പലരും അഭിപ്രായപ്പെടുന്നു.
മുന്‍ വര്‍ഷത്തെ ബിഗ് ബോസിനെ അപേക്ഷിച്ച് ഇക്കുറി മത്സാര്‍ത്ഥികളുടെ നിലവാരത്തെക്കുറിച്ചും ചിലര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.. ഇത്തവണത്തെ ബിഗ് ബോസ് ഷോയുടെ ഘടനയും ടാസ്കുകളും മത്സരങ്ങളും നിലവാരം കുറഞ്ഞവയാണെന്നും വിമര്‍ശനമുണ്ട്.
















