കൊച്ചി/തിരുവനന്തപുരം: ബോര്‍ഡ് അംഗീകരിച്ച അഡീഷണല്‍ അലവന്‍സ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബെവ്കോ എംപ്ലോയീസ് സംഘം (ബിഎംഎസ്) യൂണിയന്‍ ജീവനക്കാര്‍ പണിമുടക്കുന്നു.
ഉത്രാടം ദിനത്തില്‍ നടക്കുന്ന പണിമുടക്ക് സംബന്ധിച്ച നോട്ടീസ് ബീവറേജസ് കോര്‍പ്പറേഷന്‍ എംഡി ഹര്‍ഷിതാ അട്ടല്ലൂരിക്ക് തിരുവനന്തപുരത്തെ ഓഫീസിലെത്തി സംസ്ഥാന പ്രസിഡന്റ് മനീഷ് കാരിമറ്റം കൈമാറി. കൊട്ടാരക്കരയില്‍ കഴിഞ്ഞ ദിവസം മാനേജര്‍ ആക്രമണത്തിനിരയായ സംഭവത്തിലെ പ്രതിഷേധവും പ്രതിനിധി സംഘം അറിയിച്ചു. വരും ദിവസങ്ങളില്‍ ഷോപ്പ് അടയ്‌ക്കുന്ന സമയത്ത് പോലീസ് സാന്നിധ്യം ഉറപ്പാക്കുമെന്ന് ബെവ്കോ എംപ്ലോയീസ് സംഘ് പ്രതിനിധികള്‍ക്ക് ഹര്‍ഷിതാ അട്ടല്ലൂരി ഉറപ്പ് നല്‍കി.
സ്വീപ്പര്‍ തസ്തികയില്‍ ജോലി ചെയ്യുന്നവരോടുള്ള നിഷേധം, വനിതകള്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ, അധിക ജോലിഭാരം കുറയ്‌ക്കാന്‍ സമയക്രമം ഏര്‍പ്പെടുത്തുക, ഷോപ്പുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും മാനേജ്‌മെന്റ് തയാറാകുന്നില്ലെന്നും ഇതാണ് പണിമുടക്കിലേക്ക് നീങ്ങാന്‍ കാരണമെന്നും നോട്ടീസില്‍ പറയുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ജഗജിത്ത് രഘുവരന്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീജിത്ത് എസ്. എന്നിവരും ഒപ്പമുണ്ടായിരുന്നു. പണിമുടക്ക് നോട്ടീസിന്റെ പകര്‍പ്പ് എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ ഓഫീസിലെത്തിയും കൈമാറി.
















