ഗുരുവായൂരപ്പന്റെ നാലമ്പലത്തിനകത്ത് വാഴണകൊണ്ട് ഗണപതി കൊട്ടിപ്പഠിച്ച കുട്ടി മലയാളക്കരയിലെ പൂരപ്പറമ്പുകളിലും ഉത്സവവേദികളിലും മേളകലയിലെ മേലാളനായതില്‍ അതിശയമില്ല. അച്ഛന് ഗുരുവായൂരപ്പന്റെ കഴകമുണ്ടായിരുന്ന കാലത്ത് അടിയന്തിരപ്രവൃത്തിക്കാരനായിരുന്ന പെരുവണ്ണ ഗോപിമാരാരാണ്, മോഹനന്‍ എന്ന ആ കുട്ടിയെ ആദ്യം കൊട്ടിച്ചത്. നാലമ്പലത്തിനകത്തെ നൃത്തം എന്ന മുറിയിലിരുന്നാണ് ഗണപതിക്കൈ കൊട്ടിയത്. കുട്ടിമോഹനന്റെ കൊട്ടിലുള്ള മോഹം കണ്ട് ഗോപിമാരാര്‍ വിളിച്ചുകൊണ്ടുപോയി പെട്ടിപ്പുറത്ത് കൊട്ടിക്കുകയായിരുന്നു. ഗുരുവായൂരിലെ കഴക ഊഴം കഴിഞ്ഞ് ചൊവ്വല്ലൂരെത്തിയപ്പോള്‍ അരിയന്നൂര്‍ വേശപ്പമാര്‍ക്ക് ശിഷ്യപ്പെട്ടു. ഏഴു വാര്യത്തെ കുട്ടികള്‍ ഒന്നിച്ച് ഒരു വാര്യത്തിരുന്നായിരുന്നു കൊട്ട്. മോഹനനൊഴികെ ആറുപേരും നിര്‍ത്തി. പിന്നീട് കലാമണ്ഡലം രാജന്റെ കീഴിലും ചൊവ്വല്ലൂര്‍ മോഹനന്‍ നായരുടെ കീഴിലും അഭ്യസിച്ചു. മോഹനന്‍ നായരുടെ ശിക്ഷണത്തിലാണ് തായമ്പക അരങ്ങേറിയത്. അരങ്ങേറ്റശേഷം ഗുരുശിഷ്യരായ മോഹനന്മാര്‍ രണ്ടുപേരും ചേര്‍ന്ന് പൂക്കാട്ടിരി ദിവാകരപ്പൊതുവാളുടെ കീഴില്‍ തായമ്പക ഉപരിപഠനത്തിനെത്തി. ശേഷം കളിക്കൊട്ടിന്റെ പുറപ്പാട് പഠിക്കാന്‍ അച്ചുണ്ണിപ്പൊതുവാള്‍ക്കു കീഴില്‍ ഗുരവായൂരിലെ ചൊല്ലിയാട്ടക്കളരിയിലെത്തി. തുടര്‍ന്ന് കോട്ടക്കലില്‍ കോട്ടക്കല്‍ കൃഷ്ണന്‍കുട്ടിയാശാന്റെ അടുത്ത് നാലുവര്‍ഷത്തോളം കഥകളിക്കൊട്ട് പഠിച്ചു.
കോട്ടപ്പടി സന്തോഷ് മാരാരുടെ ശിക്ഷണത്തില്‍ മേളവഴികള്‍ സ്വായത്തമാക്കി. ഒട്ടേറെ ആശാന്മാര്‍ക്കു കീഴില്‍ അഭ്യസനം നടത്തി. എന്നാല്‍, ആസ്വാദകര്‍ ഏറ്റുവാങ്ങിയത് വാര്യരുടെ തായമ്പകയോ കളിക്കൊട്ടോ അല്ല, പഞ്ചാരിയുടെ കാലപ്രമാണവും പാണ്ടിയുടെ അവതരണമികവുമാണ്. ശ്രവണസുഭഗതക്കൊപ്പം കണ്ണുകള്‍ക്കു കാഴ്ചവിരുന്നുമൊരുക്കുന്ന കലാനുഭൂതിയാണ് ചൊവ്വല്ലൂര്‍ മോഹന വാര്യരുടെ മേളവൈഭവം. ഗുരുവായൂരപ്പന്റെ കളഭം ചാര്‍ത്തി കസവൊളിമിന്നുന്ന പുടവചുറ്റി മേളവേദിയില്‍ വാര്യരുണ്ടെങ്കില്‍ അതൊരു അരങ്ങാണ്. തോളത്തുതൂങ്ങുന്ന ചെണ്ടയില്‍ അക്ഷരകാലങ്ങളെ അതിസമര്‍ഥമായി അളന്നുമുറിച്ച് ആസ്വാദകര്‍ക്ക് പകര്‍ന്നുനല്‍കുമ്പോള്‍ വാര്യരുടെ മുഖത്ത് ഭാവങ്ങള്‍ വിടരും. പഞ്ചാരിയും പാണ്ടിയും തായമ്പകയുമൊക്കെയായി ഉത്സവവേദികളിലെ മേളനിരയില്‍ ഊര്‍ജസ്വലതയോടെ മോഹന വാര്യരെത്തുമ്പോള്‍ അതുകാണാനും കേള്‍ക്കാനും മലയാളക്കരയില്‍ ആസ്വാദകരേറെയാണ്. ഗുരുവായൂരപ്പന്റെ പാരമ്പര്യപ്പത്ത് കഴകക്കാരിലാണ് മോഹന വാര്യരുടെ സ്ഥാനം. കഴകക്കാരനെങ്കിലും കലയുടെ ചിറകിലേറിയാണ് വാദന ജൈത്രയാത്ര. പണ്ഡിതന്‍ കൈക്കുളങ്ങര രാമവാര്യരുടെ പൈതൃകവും വഹിച്ച് ചൊവ്വല്ലൂരെത്തിയ മോഹനന് തിരിഞ്ഞുനോക്കേണ്ടവന്നില്ല. ചൊവ്വല്ലൂരപ്പന്റെ അനുഗ്രഹവും ഗുരുവായൂരപ്പന്റെ ആശീര്‍വാദവുമായി അരങ്ങുകളെ ത്രസിപ്പിക്കുന്ന കലോപാസകനാണ് വാര്യര്‍.
1965 ല്‍ കടങ്ങോട് കൈക്കുളങ്ങര വാര്യത്ത് ലക്ഷ്മിക്കുട്ടിവാരസ്യാരുടേയും ചൊവ്വല്ലൂര്‍ വാര്യത്ത് മാധവവാര്യരുടേയും മകനായി ജനിച്ച മോഹനന്‍ കുട്ടിയായിരിക്കുമ്പോള്‍ അഭ്യസനത്തിനുമുമ്പുതന്നെ കണ്ടും കേട്ടും ഹൃദിസ്ഥമാക്കിയ മേളം സ്‌കൂള്‍ കലോത്സവവേദിയില്‍ കൊട്ടിക്കയറി ഉപഹാരം വാങ്ങിയവനാണ്. അഭ്യസനത്തിന്റെ തികവും മികവും അഴകൊരുക്കുന്നതാണ് വാര്യരുടെ വാദനശുദ്ധി. ഒരാളില്‍നിന്നുപോലും അഭ്യസിക്കാതെ പ്രഥമമേളമൊരുക്കിയ വാര്യര്‍ പിന്നീട് ഒമ്പതോളം ഗുരുക്കന്‍മാര്‍ക്ക് ശിഷ്യപ്പെട്ടു. തായമ്പകാചാര്യന്‍ കല്ലൂര്‍ രാമന്‍കുട്ടിമാരാരുടെ കീഴില്‍ നിലാസാധകം ചെയ്തു. കേരളത്തിലെ പതിനാല് ജില്ലകളിലും കേരളത്തിനുപുറത്ത് അനവധി സംസ്ഥാനങ്ങളിലും മേളവേദികളില്‍ പങ്കെടുത്തു. തൃശൂര്‍ പൂരത്തിന് ഇലഞ്ഞിത്തറമേളനിരയില്‍ മൂന്നുപതിറ്റാണ്ടായി മോഹനവാര്യരുണ്ട്. ഗുരുവായൂര്‍, തൃപ്പൂണിത്തുറ, ഇരിങ്ങാലക്കുട, വൈക്കം, ചോറ്റാനിക്കര, കൊടുങ്ങല്ലൂര്‍, തിരുനക്കര, തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രം, പെരുവനം, ആറാട്ടുപുഴ, എടക്കുന്നി, നെന്മാറ, കൊല്ലം പൂരം എന്നുവേണ്ട കേരളത്തില്‍ മോഹനന്‍ കൊട്ടാത്ത വാദ്യപ്രധാനക്ഷേത്രങ്ങളുണ്ടാകില്ല.
ഗുരുവായൂര്‍ ഉത്സവമേളത്തിന് ഏറ്റവും മേളകലാകാരനെന്ന ബഹുമതി പലതവണ ഇദ്ദേഹത്തെ തേടിയെത്തി. പാറമേക്കാവിന്റെ ഉള്‍പ്പെടെ നിരവധി സുവര്‍ണമുദ്രകളും പുരസ്‌കാരങ്ങളും ലഭിച്ചു. ബഹറിനിലും മസ്‌കറ്റിലും മോഹനമേളം വിരുന്നൊരുക്കി. മലയാളസിനിമാരംഗത്തെ മഹാനടന്മാരായ മോഹന്‍ലാലിനൊപ്പവും മമ്മൂട്ടിക്കൊപ്പവും ചെണ്ടയുമായി അഭ്രപാളികളിലെത്തി. നാലുപതിറ്റാണ്ടിലേറെയായി കേരളത്തിന്റെ മേളരങ്ങുകളില്‍ മേന്മയേറിയ വാദ്യ നൈവേദ്യവുമായി മോഹനവാര്യരുണ്ട്. ചെത്തിമിനുക്കിയ ചെണ്ടക്കോലുമായി ചെമ്പടവട്ടങ്ങളെ ചെണ്ടവട്ടങ്ങളിലേക്കാവാഹിക്കുന്ന ഉരുളുകോലിന്റെ ഊജസ്വലതയും ഉപാസനയുമാണ് മോഹനവാര്യര്‍. ഗുരുവായൂരപ്പന്റെ കളഭം ചാര്‍ത്തിയ കഴകക്കാരനും കലാകാരനുമായ മോഹനവാര്യര്‍ അറുപതിന്റെ നിറവിലാണ്. പിറന്നാളാഘോഷത്തിന്റെ ഭാഗമായി നാടും നാട്ടാരും സഹൃദയരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് മോഹനവാര്യരെ, രാജമുദ്ര ചാര്‍ത്തിയ വീരശൃംഖല അണിയിച്ച് ആദരിക്കാനൊരുങ്ങുകയാണ്. ‘ഹന്ത ഭാഗ്യം ജനാനാം’ എന്ന പേരില്‍ ഇന്നു ഗുരുവായൂരില്‍, ഗുരുക്കന്മാരായ പൂക്കാട്ടിരി ദിവാകരപ്പൊതുവാളുടേയും പെരുവണ്ണ ഗോപിമാരാരുടേയും നാമധേയത്തിലുള്ള വേദിയിലാണ് ആദരണം.












