വിദ്യാഭ്യാസവും വികസനവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ഈ രണ്ടു പദങ്ങളും വാസ്തവത്തില്‍ പലതലങ്ങളിലുള്ള അവസ്ഥകളില്‍ ഓരോന്ന് മാത്രമാണ്.അതായത്, വിദ്യാഭ്യാസം വിവരത്തിന്റെ (Information) തലത്തിലുണ്ട്, അറിവിന്റെ (Knowledge)തലത്തിലുണ്ട്, ബുദ്ധിയുടെ/ വിവേകത്തിന്റെ (Intelligence/Wisdom) തലത്തിലുണ്ട്, അതേപോലെ തന്നെ അഖണ്ഡബോധ (Unified Consciounsess) തലത്തിലുമുണ്ട്. അതേപോലെ വികസനമാകട്ടെ, വളര്‍ച്ച, അഭിവൃദ്ധി, ഐശ്വര്യം അല്ലെങ്കില്‍ വൈഭവം എന്നീ തലങ്ങളില്‍ മനസ്സിലാക്കാന്‍ സാധിക്കും.
വിദ്യാഭ്യാസവും രാജ്യത്തിന്റെ വികസനവും ഭാരതത്തില്‍ എന്നും പരസ്പര പൂരകങ്ങളായാണ് കരുതിയിരുന്നത്. വേദാന്ത ചിന്തയുടെ അഖണ്ഡ ബോധമാകുന്ന വിദ്യാഭ്യാസത്തിന്റെ കുടക്കീഴില്‍ നിന്നുകൊണ്ടാണ് ഭാരതീയ ഋഷിമാര്‍ ആധുനിക വികസനത്തിനും അപ്പുറമുള്ള പരമവൈഭവത്തെ ക്കുറിച്ചു ചിന്തിച്ചത്. അതുകൊണ്ടു നമ്മുടെ പുരോഗതി എന്നും ഭൗതികവും ലൗകികവുമായിരുന്നു (പ്രേയസ്), ഒപ്പം തന്നെ ആദ്ധ്യാത്മികവും സനാതനവുമായിരുന്നു(ശ്രേയസ്). അത്യന്താധുനിക സുസ്ഥിര വികസനം ചര്‍ച്ചക്ക് വിഷയമാകുന്നതിനു സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് തന്നെ അതിനേക്കാള്‍ സത്യവും, ധര്‍മ്മവും, സ്‌നേഹവും, നീതിയും, സഹകരണവും, വിശാലതയും, ഗഹനതയും, ഔന്നത്യവും ഒക്കെ നിറഞ്ഞു നിന്ന ‘വൈഭവ രാഷ്‌ട്രത്തെ’ ക്കുറിച്ചു കൃത്യമായ നിര്‍വചനവും, വിശദീകരണവും നമ്മുടെ പൂര്‍വ്വികര്‍ നല്‍കിയിരുന്നു.
ഭാരതീയ വിദ്യാഭ്യാസം
സമഗ്രവും പൂര്‍ണ്ണവുമാണ് പൗരാണിക ഭാരതത്തിലെ വിദ്യാഭ്യാസ സമ്പ്രദായം. അറിവിന്റെ പൂര്‍ണ്ണതയില്‍ എത്തിയ ഭാരതീയ ഋഷിമാര്‍ സൃഷ്ടിയുടെ വൈവിധ്യത്തിലും വൈരുധ്യത്തിലും അന്തര്‍ലീനമായ ഏകത്വവും, സര്‍വ്വ സമത്വവും സാക്ഷാത്ക്കരിച്ചവരായിരുന്നു.
അങ്ങനെ ലോകത്തെ ഒന്നായി കണ്ട അവര്‍ അതിര്‍ത്തികള്‍ പിടിച്ചടക്കുന്നതിലോ, അധികാരം കൈയ്യാളുന്നതിലോ, മതങ്ങള്‍ പ്രചരിപ്പിക്കുന്നതിലോ അല്ല സായൂജ്യം കണ്ടെത്തിയിരുന്നത്. ഇതേ കാരണം കൊണ്ട് തന്നെ ഭൗതിക – ലൗകിക ജീവിതത്തില്‍ പരിമിതമായി മാത്രം ഭാഗിക സത്യത്തെ ദര്‍ശിച്ച ഇതര മതങ്ങളും പ്രത്യയ ശാസ്ത്രങ്ങളും ആവശ്യത്തിലധികം പ്രഹരങ്ങള്‍ കഴിഞ്ഞ കുറെ നൂറ്റാണ്ടുകളായി ഭാരത സമൂഹത്തില്‍ ഏല്പിച്ചുകൊണ്ടിരിക്കുന്നു. സമഗ്രമായി ഭാരതീയ ജ്ഞാന -വിജ്ഞാന ശാഖകളെ സമീപിക്കുകയും മനസ്സിലാക്കുകയും ചെയ്യാത്തതിന്റെ ദുരന്തമാണ് നാമനുഭവിച്ചുകൊണ്ടിരിക്കുന്നത്. പുതിയ വിദ്യാഭ്യാസനയത്തിലെ (2020) ‘ആധുനിക ശാസ്ത്രത്തെയും പൗരാണിക ഭാരതീയ മൂല്യങ്ങളെയും കോര്‍ത്തിണക്കി പുതിയ ഭാരതം കെട്ടിപ്പടുക്കണമെന്ന’ ആശയത്തിന് കൂടുതല്‍ വെളിച്ചവും തിളക്കവും നല്‍കിയാല്‍ മാത്രമേ ഭാരതത്തിന്റെ തനിമയും, ഗരിമയും, മഹിമയും ലോകത്തിനു ബോധ്യമാകുകയുള്ളു.
വിവരം , അറിവ് , വിവേകം, ബോധം എന്നീ നാല് തലങ്ങളില്‍ മനുഷ്യന്റെ ജ്ഞാന – വിജ്ഞാനങ്ങള്‍ ഭാരതത്തില്‍ വികസിച്ചിട്ടുണ്ടെന്നു നാം കണ്ടല്ലോ. പൊതുവായി അവയെ പരാവിദ്യയെന്നും (Spiritual) അപരാവിദ്യയെന്നും (Secular) വേര്‍തിരിച്ചിരിക്കുന്നു. പ്രത്യക്ഷത്തില്‍ ഇവ രണ്ടാണെന്ന് തോന്നിക്കുമെങ്കിലും, ആത്യന്തിക വിശകലനത്തില്‍ അപരാവിദ്യയുടെ തുടര്‍ച്ചയും പൂര്‍ണ്ണതയുമായി പരാവിദ്യയെ നമ്മുടെ ഋഷിമാര്‍ ദര്‍ശിച്ചതായി ഗ്രഹിക്കാന്‍ കഴിയും. പാശ്ചാത്യ വിദ്യാഭ്യാസ സമ്പ്രദായത്തിലാകട്ടെ, ഇവ ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തര രേഖകളായി കണക്കാക്കപ്പെടുന്നു. അതിന്റെ ദുരന്തമാണ് ഇന്ന് ലോകം പരിസ്ഥിതി പ്രശ്‌നമായും, ആയുധപ്പന്തയമായും, ശീതയുദ്ധങ്ങളായും, ഉഷ്ണയുദ്ധങ്ങളായും, മത തീവ്രവാദമായും ഒക്കെ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
അത്യന്താധുനിക ശാസ്ത്ര പഠന ശാഖയായ ക്വാണ്ടീ ഊര്‍ജ്ജ തന്ത്രം ഒരു പക്ഷെ ഈ ദ്വന്ദ്വ (Dual) സമീപനത്തിന് അവസാനം കുറിച്ചേക്കാം. എന്നാല്‍ ഈ ദൗത്യം എളുപ്പത്തില്‍ വിജയിക്കണമെങ്കില്‍, ഭാരതീയ വേദാന്ത ദര്‍ശനത്തിന്റെ കാതലായ ഏകത്വബോധം എന്ന ആശയം കൂടി പാശ്ചാത്യ ശാസ്ത്ര ചിന്തയോട് സമന്വയിപ്പിച്ചാല്‍ മതിയാകും. ഈ ദൗത്യത്തിലാണ്, വിവേകാനന്ദ സ്വാമിജിയുടെ പാശ്ചാത്യ ഭൗതിക ശാസ്ത്രപുരോഗതിയുടെയും, ഭാരതീയ ആധ്യാത്മിക മൂല്യങ്ങളുടെയും സമന്വയ സങ്കല്‍പ്പത്തിന്റെ പ്രസക്തിയും പ്രാധാന്യവും തെളിഞ്ഞു കാണുന്നത്. ഇന്നത്തെ ലോക സാഹചര്യത്തില്‍, ഭാരതത്തിനു മാത്രമേ വിദ്യാഭ്യാസത്തിലും വികസനത്തിലും വിശ്വഗുരുവായി നിന്നുകൊണ്ട്, ലോകത്തെ ശാശ്വത സമാധാനത്തിലേക്കും ഐശ്വര്യത്തിലേക്കും നയിക്കാന്‍ കഴിയൂ.
















