പാലക്കാട്: യുവ നടിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് പാലക്കാട്ടെ എംഎല്‍എ ഓഫീസിലേക്ക് രാത്രി ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു.
ഇതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷമുണ്ടായതോടെ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. മാര്‍ച്ചില്‍ പങ്കെടുത്ത സി കൃഷ്ണകുമാറിനെയും പൊലീസ് തടഞ്ഞു.
പിന്നീട് അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. യുവ നടിയുടെ ആരോപണം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയാണെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസിലാകുമെന്നും എംഎല്‍എ രാജിവെയ്‌ക്കണമെന്നും ബിജെപി നേതാവ് സി കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.
















