എറണാകുളം : ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടനെ അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് തിങ്കളാഴ്ച വരെ നീട്ടി ഹൈക്കോടതി.വിവാഹ വാഗ്ദാനം നല്‍കി എന്നത് മാത്രം ക്രിമിനല്‍ കുറ്റമായി കണക്കാക്കാന്‍ ആവില്ലെന്ന് കോടതി പറഞ്ഞു.
വേടന്‍ സമൂഹത്തില്‍ വലിയ സ്വാധീനമുള്ളയാളെന്നും ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശം നല്‍കുമെന്നും പരാതിക്കാരി വാദിച്ചു.തിങ്കളാഴ്ചയ്‌ക്കുള്ളില്‍ തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാരിക്ക് കോടതി നിര്‍ദേശം നല്‍കി.
പ്രതി മുന്‍കൂര്‍ ജാമ്യം തേടിയാണ് കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.കോടതിക്ക് തീരുമാനം പറയേണ്ടതുണ്ട്. കേസ് നീട്ടികൊണ്ടുപോകാന്‍ ആകില്ലെന്നും ഹൈക്കോടതി പറഞ്ഞു. നിയമപരമായ വസ്തുതകള്‍ മാത്രമാണ് കോടതിക്ക് പരിശോധിക്കാന്‍ കഴിയുക.
പെണ്‍കുട്ടിയുടെ വിഷാദ രോഗം എപ്പോള്‍ തുടങ്ങി എന്നതിന് മതിയായ തെളിവുകള്‍ ഇല്ലെന്ന് കോടതി പറഞ്ഞു.പ്രണയ ബന്ധത്തിലെ തകര്‍ച്ച മാത്രം വിഷാദ രോഗത്തിന് കാരണമായി കണക്കാക്കാന്‍ ആവില്ലെന്ന് നിരീക്ഷിച്ച കോടതി അത് ഒരു കാരണം മാത്രമാണെന്നും മറ്റ് കാരണങ്ങള്‍ ഉണ്ടായിക്കൂടെയെന്നും ചോദിച്ചു.
ഒരുപാട് യുവതികള്‍ വേടനെതിരെ പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ടെന്നും പരാതിക്കാരി പറഞ്ഞു. വേടനെതിരെ നിരവധി പേരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഉണ്ടെന്ന് അഭിഭാഷക വാദിച്ചു.
എന്നാല്‍ ഫേസ്ബുക്കിലെ പോസ്റ്റുകള്‍ മാത്രം പറയരുത് എന്നും പരാതിക്കാരിയുടെ മൊഴി മുന്നിലുണ്ടെന്നും കോടതി പറഞ്ഞു. മൂന്നാമത് ഒരാള്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റുകള്‍ കോടതിയില്‍ പറയേണ്ടതില്ല എന്നും കോടതി പരാതിക്കാരിയുടെ അഭിഭാഷകയോട് പറഞ്ഞു. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റുകള്‍ കോടതികള്‍ പരിഗണിക്കാറുണ്ട് എന്ന് അഭിഭാഷക വാദമുയര്‍ത്തി.ഏത് കോടതി, ഏത് പോസ്റ്റ് എന്ന് കോടതി ചോദിച്ചപ്പോള്‍ ഹാജരാക്കാം എന്ന് അഭിഭാഷക മറുപടി നല്‍കി. തെളിവ് ഹാജരാക്കാന്‍ ബുധനാഴ്ച വരെ പരാതിക്കാരി സമയം ചോദിച്ചെങ്കിലും തിങ്കളാഴ്ചയ്‌ക്കുള്ളില്‍ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
















