കറാച്ചി : പാകിസ്ഥാനിൽ തുടർച്ചയായ മഴയും തുടർന്നുണ്ടായ വെള്ളപ്പൊക്കവും മൂലമുള്ള മരണസംഖ്യ 800 ലേക്ക് അടുക്കുന്നു. സ്ഥിതിഗതികൾ രൂക്ഷമായതിനെ തുടർന്ന് സൈന്യം നിയന്ത്രണം ഏറ്റെടുത്തു. വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിൽ സൈന്യം ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കുറഞ്ഞത് 24 പേർ കൂടി മരിച്ചതായി പാകിസ്ഥാന്റെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NDMA) അതിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പറഞ്ഞു. ജൂൺ 26 മുതൽ മരണസംഖ്യ 706 ആയി ഉയർന്നു. വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 965 ആയി. NDMA പ്രകാരം ഖൈബർ-പഖ്തൂൺഖ്വയിലാണ് ഏറ്റവും കൂടുതൽ ദുരിതം ,അവിടെ ഇതുവരെ 427 പേർ മരിച്ചു. തുടർന്ന് പഞ്ചാബ് പ്രവിശ്യയിൽ 164 പേരും സിന്ധിൽ 29 പേരും ബലൂചിസ്ഥാനിൽ 22 പേരും പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ 56 പേരും ഇസ്ലാമാബാദ് മേഖലയിൽ 8 പേരും മരിച്ചു.
പാകിസ്ഥാനിലെ ദിനപത്രമായ ‘ദി എക്സ്പ്രസ് ട്രിബ്യൂണിലെ’ ഒരു റിപ്പോർട്ട് അനുസരിച്ച്, സൈന്യം ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും ഖൈബർ-പഖ്തുൻഖ്വയിലെ 9 ക്യാമ്പുകൾ വഴി 6,903 പേരെ രക്ഷപ്പെടുത്തി വൈദ്യസഹായം നൽകിയിട്ടുണ്ടെന്നും സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു. ഖൈബർ-പഖ്തുൻഖ്വ പ്രവിശ്യയിൽ 8 സൈനിക യൂണിറ്റുകൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും, ബുണറിൽ 2 ബറ്റാലിയനുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനങ്ങളിലും വിതരണ പ്രവർത്തനങ്ങളിലും സൈനിക വിമാനങ്ങളും സഹായിക്കുന്നുണ്ട്.
ഇതിന് പുറമെ ദുരിതബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെന്ന് പാകിസ്ഥാൻ ഫെഡറൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അതാഉല്ല തരാർ പറഞ്ഞു. എൻഡിഎംഎ, പാകിസ്ഥാൻ സൈന്യം, ഫെഡറൽ, പ്രവിശ്യാ സർക്കാരുകൾ എന്നിവ പരസ്പരം ഏകോപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ 25,000 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത 24 മണിക്കൂറിനുള്ളിൽ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ശക്തമായ കാറ്റും കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് പാകിസ്ഥാൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.
















